അഴിമതിയുടെ ജനകീയവത്കരണമാണ് സി.പി.എം. ഭരണത്തിന്റെ നേട്ടം; പി.കെ. ഫിറോസ്
മുക്കം : അഴിമതിയും പൊതുമുതൽ കൊള്ളയും ജനകീയവത്കരിച്ചു എന്നതാണ് സി.പി.എം. ഭരണത്തിന്റെ നേട്ടമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് കുറ്റപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയനും മകളും മരുമകനും ചേർന്ന് പൊതുമുതൽ ഊറ്റിയെടുക്കുകയാണ്. സ്വന്തം മകൾക്കുവേണ്ടി കമ്യൂണിസ്റ്റ് മൂല്യങ്ങളെ മുഖ്യമന്ത്രി ചവിട്ടിമെതിച്ചു. സർക്കാർ ബജറ്റിൽ മണ്ഡലത്തിനായി ഒന്നും നേടിയെടുക്കാൻ പാർട്ടി എം.എൽ.എ.ക്ക് സാധിക്കുന്നില്ലെങ്കിൽ രാജിവെക്കാനുള്ള മര്യാദയാണ് കാണിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
അഴിമതിക്കും പൊതുമുതൽ കൊള്ളയ്ക്കും ബജറ്റ് അവഗണനയ്ക്കുമെതിരേ തിരുവമ്പാടി നിയോജകമണ്ഡലം മുസ്‌ലിം ലീഗ് സംഘടിപ്പിച്ച എം.എൽ.എ. ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡൻറ്് സി.കെ. കാസിം അധ്യക്ഷനായി. മുക്കം മിനി പാർക്കിൽനിന്ന് ആരംഭിച്ച മാർച്ച് മുക്കം ബസ്‌സ്റ്റാൻഡ് പരിസരത്ത് പോലീസ് തടഞ്ഞു.
പോലീസും പ്രവർത്തകരും തമ്മിൽ നേരിയ ഉന്തും തള്ളുമുണ്ടായി. ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി വി.കെ. ഹുസൈൻകുട്ടി, യു.ഡി.എഫ്. നിയോജകമണ്ഡലം ചെയർമാൻ എ.എം. അഹമ്മദ്കുട്ടിഹാജി, മണ്ഡലം ഭാരവാഹികളായ യൂനുസ് പുത്തലത്ത്, മജീദ് പുതുക്കുടി, കെ.പി. മുഹമ്മദ് ഹാജി, കെ.പി. അബ്ദുറഹിമാൻ, എ.കെ. സാദിഖ്, ഗഫൂർ കല്ലുരുട്ടി, ദാവൂദ് മുത്താലം, ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി എം.ടി. സൈദ് ഫസൽ, എ.എം. അബൂബക്കർ, ഐ.പി. ഉമ്മർ, വി.പി.എ. ജലീൽ, പി.ജി. മുഹമ്മദ്, സി.എ. മുഹമ്മദ് എന്നിവർ സംസാരിച്ചു.