തിരുവമ്പാടിയിൽ ജീവിതശൈലി രോഗങ്ങളെ ചെറുക്കാൻ നാളെ കൂട്ടയോട്ടം സംഘടിപ്പിക്കും

തിരുവമ്പാടി: ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ‘ജീവിതശൈലി മാറ്റത്തിലൂടെ സമ്പൂർണ്ണ ആരോഗ്യം’ എന്ന സന്ദേശവുമായി ജീവതാളം പദ്ധതിയുടെ ഭാഗമായി നാളെ രാവിലെ 8.30ന് തിരുവമ്പാടിയിൽ കൂട്ടയോട്ടം നടത്തും.
ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, മലബാർ സ്പോർട്സ് അക്കാദമിയിലെ അംഗങ്ങൾ, യുവജന സംഘടനകൾ, സ്പോർട്സ് താരങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, സ്കൂൾ കോളേജ് വിദ്യാർത്ഥികൾ, ക്ലബ്ബ് പ്രതിനിധികൾ, സന്നദ്ധ സംഘടനാ പ്രതിനിധികൾ, വ്യാപാരികൾ, ആരോഗ്യ പ്രവർത്തകർ, നഴ്സിംഗ് സ്കൂൾ വിദ്യാർത്ഥികൾ എന്നിവരുടെ നേതൃത്വത്തിലാണ് കൂട്ടയോട്ടം സംഘടിപ്പിക്കുന്നത്.
കൂട്ടയോട്ടത്തിന്റെ സമാപന സമ്മേളനം രാവിലെ 10 മണിക്ക് സേക്രട്ട് ഹാർട്ട് ഫെറോനാ ചർച്ച് പാരിഷ് ഹാളിൽ വച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ മുഖ്യാതിഥിയായി ഫാ.തോമസ് നാഗപ്പറമ്പിൽ പങ്കെടുക്കും. ജീവിതശൈലി രോഗങ്ങളെ ചെറുക്കുന്നതിനായി വ്യായാമത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് സ്പോർട്സ് മെഡിസിൻ വിഭാഗം മേധാവി പ്രൊഫസർ റോയ് ചന്ദ്രൻ ക്ലാസ് എടുക്കും. ജനപ്രതിനിധികൾ സ്പോർട്സ് താരങ്ങൾ, ആരോഗ്യ വിദഗ്ധർ, എന്നിവർ സമാപന സമ്മേളനത്തിൽ പങ്കെടുക്കും.