ചെറുവാടി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററില്‍ പുതിയ കെട്ടിട നിർമാണ പ്രവൃത്തിക്ക് തുടക്കം കുറിച്ചു
മുക്കം: ചെറുവാടി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററില്‍ പുതിയ കെട്ടിട നിർമാണ പ്രവൃത്തിക്ക് തുടക്കം കുറിച്ചു. നാഷണല്‍ ഹെല്‍ത്ത് മിഷൻ അനുവദിച്ച 1.82 കോടി രൂപ ഉപയോഗിച്ചാണ് കെട്ടിടം പണിയുന്നത്. പഴയ കെട്ടിടങ്ങളില്‍ അസൗകര്യങ്ങളുടെ നടുവില്‍ പ്രവർത്തിക്കുന്ന ആശുപത്രിയുടെ സമഗ്ര വികസനത്തിന് എൻ.ഐ.ടിയുടെ സഹായത്തോടെ മാസ്റ്റർ പ്ലാൻ തയാറാക്കിയിരുന്നു. കിടത്തിച്ചികിത്സ അടക്കം ആധുനിക സൗകര്യങ്ങള്‍ എല്ലാം അടങ്ങുന്നതാണ് മാസ്റ്റർ പ്ലാൻ. ഒ.പി ചികിത്സക്കടക്കമുള്ള സൗകര്യങ്ങളാണ് പുതിയ കെട്ടിടത്തില്‍ ഉള്‍പ്പെടുത്തുന്നത്.
കൊടിയത്തൂരും സമീപ പഞ്ചായത്തുകളിലും കിടത്തി ചികിത്സയടക്കം ആധുനിക ചികിത്സാ സൗകര്യമുള്ള ആശുപത്രികള്‍ ഇല്ല. ഈ ആവശ്യം പരിഗണിച്ചാണ് ലിന്‍റോ ജോസഫ് എം.എല്‍.എയുടെ നേതൃത്വത്തില്‍ പുതിയ മാസ്റ്റർ പ്ലാൻ തയാറാക്കിയതും സംസ്ഥാന സർക്കാരിന് സമർപ്പിച്ചതും. മന്ത്രി വീണാ ജോർജ് ഓണ്‍ലൈനായി പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചു. എം.എല്‍.എ ലിന്‍റോ ജോസഫ് ചടങ്ങിന് അധ്യക്ഷത വഹിച്ചു.