അഗ്നിരക്ഷാസേന പരിശീലനം നൽകി
മുക്കം : മലമുകളിൽ അകപ്പെട്ടവരെയും പ്രളയബാധിതരെയും രക്ഷപ്പെടുത്താൻ അഗ്നിരക്ഷാസേനാംഗങ്ങൾക്ക് നൽകിയ പർവതാരോഹണപരിശീലനം ശ്രദ്ധേയമായി. 37 ബാച്ച് ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരുടെ അടിസ്ഥാനപരിശീലനത്തിന്റെ ഭാഗമായാണ് പർവതാരോഹണ പരിശീലനമൊരുക്കിയത്. മലയോരമേഖലയിലെ രക്ഷാപ്രവർത്തനങ്ങൾക്കുതകുന്ന ആധുനിക രക്ഷാപ്രവർത്തനരീതികളാണ് പരിശീലിപ്പിച്ചത്.
അഗസ്ത്യൻമുഴി, തൊണ്ടിമ്മൽ, മങ്ങാട് പ്രദേശങ്ങളിലായിരുന്നു സാഹസിക രക്ഷാപ്രവർത്തന പരിശീലനം. നദികൾക്ക് കുറുകെ ആളുകളെ രക്ഷിക്കുന്ന ഹൊറിസോണ്ടൽ റോപ് രക്ഷാപ്രവർത്തന പരിശീലനവുമുണ്ടായിരുന്നു. വെള്ളിമാടുകുന്ന് അഗ്നിരക്ഷാനിലയത്തിലെ സ്റ്റേഷൻ ഓഫീസർ റോബി വർഗീസിന്റെ നേതൃത്വത്തിലായിരുന്നു ഒരാഴ്ച നീണ്ടുനിന്ന പരിശീലനം.
ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ എൻ. ബിനീഷ്, നിഖിൽ മല്ലിശ്ശേരി, റഹീഷ് അഹമ്മദ്, ടി.പി. മഹേഷ്, അനൂപ്, കെ.ടി. ജയേഷ്, ടാസ്ക് ഫോഴ്സ് അംഗങ്ങളായ മനു പ്രസാദ്, സിബി എന്നിവരും പരിശീലനത്തിന് നേതൃത്വംനൽകി.