എം.ഡി.എം.എ കേസിലെ പ്രതിയും കൂട്ടാളിയും കഞ്ചാവുമായി പോലീസ് പിടിയിൽ
മുക്കം: എം.ഡി.എം.എ കേസിലെ പ്രതിയും കൂട്ടാളിയും അഞ്ചരക്കിലോ കഞ്ചാവുമായി പോലീസ് പിടിയിൽ. താമരശ്ശേരി ചുടലമുക്ക് എരേറ്റുംചാലിൽ ഫത്താഹുള്ള (34), താമരശ്ശേരി ആലപ്പടിമ്മൽ അബ്ദുൽ വാസിത്ത് (33) എന്നിവരാണ് കോഴിക്കോട് റൂറൽ എസ്.പി ഡോ.അർവിന്ദ് സുകുമാറിന്റെ കീഴിലുള്ള പ്രത്യേക സംഘത്തിന്റെ പിടിയിലായത്. ശനിയാഴ്ച വൈകീട്ട് അഞ്ചു മണിയോടെ മുക്കം നഗരസഭയിലെ കുറ്റിപ്പാല കുന്തംതൊടികയിൽവെച്ചാണ് ഇവർ പിടിയിലായത്.
കഴിഞ്ഞ ഒക്ടോബർ നാലിന് രാത്രി ഫത്താഹുള്ളയുടെ ചുടലമുക്കിലുള്ള വീട്ടിൽ പരിശോധന നടത്തിയ പോലീസ് 145 ഗ്രാം എം.ഡി.എം.എ പിടികൂടിയെങ്കിലും പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. അബ്ദുൽ വാസിത് കഴിഞ്ഞവർഷം നവംബർ 22ന് പരപ്പൻപൊയിൽ അൻസാറിനെ വധിക്കാൻ ശ്രമിച്ച കേസിലും ഒളിവിലായിരുന്നു. തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുമ്പോൾതന്നെ ഇവർ ഇരുവരും നാട്ടിലെത്തി മയക്കുമരുന്ന് വിൽപ്പന നടത്തുന്നതായി സ്പെഷ്യൽ സ്ക്വാഡിന് രഹസ്യവിവരം ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ഇവരുടെ കൂട്ടാളികളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേരും പിടിയിലായത്. കാറിന്റെ ഡിക്കിയിലും പ്രതികളുടെ കൈവശമുണ്ടായിരുന്ന ബാഗിലെ പ്ലാസ്റ്റിക് കവറിലും സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. കുന്തംതൊടികയിലെ ഒരു വീട് മൂന്നുദിവസം മുൻപ് പ്രതികൾ വാടകയ്ക്ക് എടുത്തിരുന്നു. ഈ വീട്ടിൽനിന്നും കഞ്ചാവ് കച്ചവടത്തിനായി ഇറങ്ങുമ്പോഴാണ് ഇരുവരും പോലീസിന്റെ പിടിയിലായത്.
പിടികൂടിയ കഞ്ചാവിന് വിപണിയിൽ നാലര ലക്ഷത്തോളം രൂപ വില വരും. താമരശ്ശേരി ഡി.വൈ.എസ്.പി പി പ്രമോദിന്റെ മേൽനോട്ടത്തിലുള്ള സംഘത്തിൽ സ്പെഷ്യൽ സ്ക്വാഡ് എസ്.ഐമാരായ രാജീവ് ബാബു, പി ബിജു, സീനിയർ സി.പി.ഒമാരായ എൻ.എം ജയരാജൻ, പി.പി ജിനീഷ്, മുക്കം സ്റ്റേഷനിലെ എസ്.ഐമാരായ കെ ശ്രീജേഷ്, കെ സന്തോഷ് കുമാർ, ഷിബിൽ ജോസഫ്, സീനിയർ സി.പി.ഒ അബ്ദുൽ റഷീദ്, പി.എ അഭിലാഷ് എന്നിവരാണുണ്ടായിരുന്നത്.