Thiruvambady

സ്റ്റോക്ക് മാര്‍ക്കറ്റ് ട്രേഡിങ്ങിലൂടെ ലാഭവിഹിതം നല്‍കാമെന്നുപറഞ്ഞ് കോടികള്‍ തട്ടി; യുവതി പിടിയില്‍

തിരുവമ്പാടി : സ്റ്റോക്ക് മാർക്കറ്റ് ട്രേഡിങ്ങിലൂടെ ലാഭവിഹിതം നൽകാമെന്നുപറഞ്ഞ്‌ പലരുടെയും കൈയിൽ നിന്ന് പലപ്പോഴായി മൂന്നുകോടിയിലധികം പണം സമാഹരിച്ച് കബളിപ്പിച്ച കേസിൽ യുവതി പിടിയിൽ. തിരുവനന്തപുരം മലയിൻകീഴ് മൈക്കിൾ റോഡിൽ ശാന്തൻമൂല കാർത്തിക ഹൗസിൽ ബി.ടി. പ്രിയങ്ക(30)യെയാണ് തിരുവമ്പാടി എസ്.ഐ. സി.ആർ. അരവിന്ദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എറണാകുളത്തുവെച്ച് അറസ്റ്റുചെയ്തത്.

25 ലക്ഷം രൂപ തട്ടിപ്പുനടത്തിയതായി തിരുവമ്പാടി പോലീസിൽ ലഭിച്ച പരാതിയിന്മേലാണ് അറസ്റ്റ്. കൊച്ചി കടവന്ത്രയിൽ ട്രേഡിങ് ബിസിനസ് സ്ഥാപനമുണ്ടെന്ന് പറഞ്ഞാണ് ആളുകളെ കബളിപ്പിച്ചത്. സെബിയുടെ അംഗീകാരമില്ലാതെ, ഒരു രജിസ്റ്റേഡ്‌ സ്ഥാപനത്തിന്റെ കീഴിലല്ലാതെ പ്രതി പണം സമാഹരിക്കുകയും സ്വകാര്യ ആവശ്യങ്ങൾക്കായി വിനിയോഗിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. കേരളത്തിനകത്തും പുറത്തുമുള്ള പതിനാറോളം പേരുടെ കൈയിൽനിന്ന് കോടികൾ കൈപ്പറ്റി, ആഡംബരജീവിതം നയിക്കുകയായിരുന്നു.

പ്രതിയുടെ അമ്മയും സഹോദരനായ രാജീവും ഭാവിവരനായ ഷംനാസും ഈ തട്ടിപ്പുസംഘത്തിലെ കണ്ണികളാണ്. ഇവർ ഒളിവിലാണെന്നും പോലീസ് പറഞ്ഞു. പ്രിയങ്കയുടെപേരിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ്, കരമന, കടവന്ത്ര ഉൾപ്പെടെ ഒട്ടേറെ പോലീസ്‌ സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്. പ്രതിയെ താമരശ്ശേരി ജുഡീഷ്യൽ മജിസ്‌ട്രേറ്റ്‌ കോടതി റിമാൻഡ്ചെയ്തു.

Related Articles

Leave a Reply

Back to top button