മേലെ പൊന്നാങ്കയത്ത് വീണ്ടും കാട്ടാന കൃഷിനശിപ്പിച്ചു
തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപ്പഞ്ചായത്തിലെ മേലെ പൊന്നാങ്കയത്ത് വീണ്ടും ജനവാസമേഖലയിൽ കാട്ടാനയിറങ്ങി. പിറവിക്കോട് സുധന്റെ വാഴക്കൃഷി നശിപ്പിച്ചു. പനപ്പത്തുകുന്നേൽ ചന്ദ്രൻ പാട്ടത്തിനെടുത്ത പിറവിക്കോട് പീതാംബരന്റെ ഭൂമിയിലെ കപ്പക്കൃഷിയും വ്യാപകമായി നശിപ്പിച്ചു. കൃഷിയിടമാകെ ചവിട്ടിമെതിച്ചിട്ട നിലയിലാണ്. വെള്ളിയാഴ്ച രാവിലെ ആറരയോടെയാണ് ഒറ്റയാനെത്തിയത്. നാട്ടുകാർ തുരത്തിയോടിക്കുകയായിരുന്നു. കാട്ടാനഭീഷണി രൂക്ഷമായ മേലെ പൊന്നാങ്കയത്ത് കാട്ടുപന്നികളുടെ ശല്യവും തുടരുകയാണ്.
കഴിഞ്ഞമാസം മുഴയനാൽ മനോജിന്റെ അറുപതോളം കുലച്ച വാഴകൾ കാട്ടുപന്നികൾ കൂട്ടമായെത്തി നശിപ്പിച്ചിരുന്നു. കൃഷിയിലെ വരുമാനത്തെമാത്രം ആശ്രിയിച്ചുകഴിയുന്ന കുടുംബങ്ങളാണ് ഇവിടെയുള്ളത്. വായ്പയെടുത്തും മറ്റും വിളവിറക്കുന്ന കൃഷിഭൂമിയിലാണ് വന്യമൃഗങ്ങളുടെ പരാക്രമം. വനമേഖലയോടു ചേർന്ന് സ്ഥാപിച്ചിരുന്ന സൗരോർജവേലികൾ പലയിടത്തും കാട്ടാനകൾ ചവിട്ടിപ്പൊളിച്ചിട്ടിരിക്കുകയാണ്.
ഏതാനും മാസംമുമ്പ് ഇവിടെ പുലിയോടു സാമ്യമുള്ള അജ്ഞാതജീവി നായയെ കടിച്ചുകൊന്നിരുന്നു. വനമേഖലയോടു ചേർന്ന് സൗരോർജവേലികൾ പുനഃസ്ഥാപിക്കാൻ അടിയന്തരനടപടി വേണമെന്ന് കർഷക കോൺഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി സോണി മണ്ഡപത്തിൽ ആവശ്യപ്പെട്ടു. താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ചിന് അധീനതയിലുള്ള തിരുവമ്പാടി നായരുകൊല്ലി സെക്‌ഷനിൽപ്പെടുന്ന കാടോത്തികുന്ന് വനമേഖലയോടു ചേർന്ന പ്രദേശമാണിത്.