വീട്ടമ്മയുടെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് മാലപൊട്ടിക്കാൻ ശ്രമം
കാരശ്ശേരി : പുലർച്ചെ വീട്ടിൽക്കയറി വീട്ടമ്മയുടെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് മാല പൊട്ടിച്ചെടുക്കാൻ ശ്രമം. കാരശ്ശേരി പഞ്ചായത്തിലെ വല്ലാത്തായിപ്പാറയിൽ കാവുങ്ങൽ അസീസിന്റെ ഭാര്യ സഫിയക്കു നേരേയാണ് കള്ളന്റെ ആക്രമണം ഉണ്ടായത്. ബുധനാഴ്ച പുലർച്ചെ 3.30-ഓടെ ആണ് സംഭവം.
പുലർച്ചെ നോമ്പിനുവേണ്ടി തയ്യാറെടുക്കുന്നതിനായി അടുക്കള ഭാഗത്തെ വാതിൽ തുറക്കുമ്പോഴാണ് ഒളിച്ചിരുന്നയാൾ മുളകുപൊടി എറിഞ്ഞത്. രണ്ട് പ്രാവശ്യം മുളകുപൊടി എറിഞ്ഞെങ്കിലും കണ്ണിൽ വീണില്ല. മാലപൊട്ടിക്കാനുള്ള ശ്രമം സഫിയ പ്രതിരോധിച്ചു. ബഹളംകേട്ട് വീട്ടുകാരുണർന്നതോടെ കള്ളൻ ഓടിരക്ഷപ്പെട്ടു.
വർക്ക് ഏരിയയുടെ ഗ്രില്ലിന്റെ പൂട്ടുപൊളിച്ച് അകത്തുകയറി അടുക്കള വാതിലിനോടുചേർന്ന് കള്ളൻ പതുങ്ങിനിൽക്കുകയിരുന്നു. നീല ടീഷർട്ടും പാന്റ്‌സും ധരിച്ച മെലിഞ്ഞ ആളാണ് ആക്രമിച്ചത്. മാസ്ക് ധരിച്ചിരുന്നതിനാൽ മുഖം വ്യക്തമായില്ലെന്ന് സഫിയ പറഞ്ഞു. മുക്കം പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ഈ പ്രദേശത്ത് അടുത്തകാലത്ത് ഇത് നാലാമത്തെ തവണയാണ് വീടുകളിൽ കള്ളൻ എത്തുന്നത്. കഴിഞ്ഞ മൂന്നുതവണയും മാല കവർന്നിരുന്നു.