Koodaranji

കൂമ്പാറ അങ്ങാടിയിൽ ഓടുന്ന ടിപ്പർലോറിയിൽ നിന്ന്‌ പാറക്കല്ല് റോഡിലേക്ക് തെറിച്ചു വീണു

കൂടരഞ്ഞി : കൂടരഞ്ഞി പഞ്ചായത്തിലെ മേലെ കൂമ്പാറ അങ്ങാടിയിൽ ഓടുന്ന ടിപ്പർലോറിയിൽനിന്ന്‌ പാറക്കല്ല് റോഡിലേക്ക് തെറിച്ചുവീണു. കൂമ്പാറ മാതാളികുന്നേൽ ക്വാറിയിൽനിന്ന്‌ കല്ല് കൊണ്ടുപോയ ടിപ്പർലോറിയിൽനിന്നാണ് കല്ല് പൊതുനിരത്തിലേക്ക് അപകടമായതരത്തിൽ പതിച്ചത്. വ്യാഴാഴ്ച രാവിലെ പത്തേകാലിന് കുട്ടികൾ ഉൾപ്പെടെയുള്ള യാത്രക്കാർ പതിവായി ബസിന് കാത്തുനിൽക്കുന്നസ്ഥലത്തിന് സമീപത്തേക്കായിരുന്നു കല്ല് തെറിച്ചുവീണത്. ഈ സമയം അവിടെ ആളില്ലാതിരുന്നതിനാൽ മാത്രമാണ് അപകടം ഒഴിവായത്. നിശ്ചിതപരിധിയിൽ കവിഞ്ഞ് ലോഡുകയറ്റിയ ടിപ്പർലോറികളുടെ മരണപ്പാച്ചിൽ നിരത്തുകളിൽ അപകടക്കെണിയൊരുക്കുകയാണ്. ഓടുന്ന ടിപ്പറുകളിൽനിന്ന് പാറക്കല്ലുകൾ ഉൾപ്പെടെ പുറത്തേക്ക് തെറിച്ചുവീഴുന്നത് പതിവാകുകയും തിരുവനന്തപുരത്ത് ഒരു ജീവൻതന്നെ പൊലിയുകയും ചെയ്തിട്ടും പോലീസ്, ആർ.ടി.ഒ. പരിശോധന മലയോരമേഖലയിൽ കർശനമാക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.

അനുവദനീയമായതിലും എത്രയോ മടങ്ങ് അളവിൽ ഖനനം നടക്കുന്ന മിക്ക ക്വാറികളിൽനിന്നും കൂറ്റൻ പാറക്കല്ലുകളും ചെങ്കല്ലുകളും മറ്റും കയറ്റി അധികവേഗത്തിൽ പോവുന്ന ടിപ്പർലോറികൾ ജില്ലയിലെ പതിവുകാഴ്ചയാണ്. സ്കൂൾസമയത്ത് നിയന്ത്രണം പ്രഖ്യാപിച്ചിരുന്നെങ്കിലും അതൊന്നും കാര്യമാക്കാതെയാണ് മലയോരത്ത് പലയിടങ്ങളിലും അമിതലോഡ് കയറ്റിയുള്ള ലോറികളുടെ മരണപ്പാച്ചിൽ. ജില്ലയിൽത്തന്നെ ഏറ്റവും കൂടുതൽ ക്വാറികൾ പ്രവർത്തിക്കുന്ന മേഖലയാണിത്. ചെങ്കുത്തായ മലമടക്കുകളിലടക്കം ഒരു നിയന്ത്രണവുമില്ലാതെയാണ് വേഗപ്പാച്ചിൽ.

മേഖലയിൽ വിവിധ റോഡുകളുടെ നിർമാണം നടക്കുന്നതിനാൽ അമിതതോതിൽ കല്ല് കയറ്റിവരുന്ന ഭീമൻടോറസുകളും മരണപ്പാച്ചിൽ തുടരുകയാണ്. മണലും, എം. സാൻഡും, ചെറിയമെറ്റലുമെല്ലാം കൊണ്ടുപോകുന്ന ലോറികളിലാകട്ടെ പലപ്പോഴും യഥാവിധി മൂടുകപോലും ചെയ്യാതെയാണ് കുതിച്ചുപായുക. ക്വാറികളിൽ പലതിലും കൃത്യമായ അളവിൽ കല്ലുകയറ്റാനുള്ള വെയ് ബ്രിഡ്ജ് സ്ഥാപിക്കാറില്ല. ഇത് പരിശോധിക്കാനുള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്നുമുണ്ടാവാറുമില്ല. മരണക്കെണിയൊരുക്കുന്ന ടിപ്പറുകൾക്കെതിരേ കർശന നടപടി വേണമെന്നാവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തിയിരിക്കുകയാണ്.

Related Articles

Leave a Reply

Back to top button