കുളിരണിയാൻ സഞ്ചാരികൾ കൂട്ടമായി മലയോരത്തേക്ക്
തിരുവമ്പാടി : ചുട്ടുപൊള്ളുന്ന വേനലിൽ കുളിർമ തേടി ഒറ്റയ്ക്കും കൂട്ടമായും മലയോര ടൂറിസം കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. സ്കൂൾ വേനലവധിയായതോടെ കുടുംബസഞ്ചാരികളുടെ തിരക്കാണ് പല കേന്ദ്രങ്ങളിലും. വയനാടൻ അന്തരീക്ഷമുള്ള മലനിരകളും കോടമഞ്ഞും പുഴകളും വെള്ളച്ചാട്ടങ്ങളും സമൃദ്ധമായ കൃഷിയിടങ്ങളുമാണ് ഇവിടത്തെ പ്രധാന ആകർഷണം.
പ്രകൃതിരമണീയമായ കക്കാംടംപൊയിൽ, തോട്ടപ്പള്ളി, കോഴിപ്പാറ വെള്ളച്ചാട്ടം, പൂവാറൻതോട്, ഉറുമി, അരിപ്പാറ വെള്ളച്ചാട്ടം, ഒലിച്ചുചാട്ടം, പതങ്കയം വെള്ളച്ചാട്ടം, തുഷാരഗിരി, തിരുവമ്പാടി തുമ്പക്കോട്ട്മല, മറിപ്പുഴ എന്നിവിടങ്ങളിലേക്കാണ് വിദൂരങ്ങളിൽനിന്നടക്കം ആളുകളെത്തുന്നത്. ബൈക്കുകളിലും കാറുകളിലും ടൂറിസ്റ്റ് ബസുകളിലുമായാണ് സഞ്ചാരികളുടെ വരവ്. എല്ലായിടങ്ങളിലും ഗതാഗതസൗകര്യവും റിസോർട്ട്, ഹോ സ്റ്റേ സംവിധാനങ്ങളും ഉള്ളതാണ് സഞ്ചാരികളെ കൂടുതൽ ആകർഷിക്കുന്നത്. വന്യമൃഗഭീതികൾക്കിടയിലും സഞ്ചാരികളുടെ ഒഴുക്കിന് പഞ്ഞമില്ല. റംസാൻ മാസം കഴിയുന്നതോടെ തിരക്ക് ഇനിയും കൂടും.