കുടിവെള്ള പ്രശ്നത്തിന് പരിഹാരം; മാട്ടു മുറിയിലും പരിസരത്തും ഇനി വെള്ളം ലഭിക്കും
കൊടിയത്തൂർ : പഞ്ചായത്തിലെ മൂന്നാം വാർഡിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി. ഗ്രാമ പഞ്ചായത്ത് അധികൃതരുടെ അടിയന്തര ഇടപെടലിൽ കുവപ്പാറ കുടിവെള്ള പദ്ധതി പ്രവൃത്തി പൂർത്തിയാക്കിയും മാട്ടുമുറി കുടിവെള്ള പദ്ധതി അറ്റകുറ്റപണികൾ നടത്തിയും പ്രവർത്തന സജ്ജമാക്കിയതോടെയാണ് വാർഡിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായത്. 50,000 രൂപയോളം ചിലവഴിച്ചാണ് മാട്ടു മുറി പദ്ധതി പ്രവർത്തന സജ്ജമാക്കിയത്.
പൊട്ടിയ പൈപ്പുകൾ 120 മീറ്ററോളം മാറ്റുകയും ടാങ്ക് വൃത്തിയാക്കുകയും ചെയ്തു. ടാങ്കിന് ചുറ്റുമുണ്ടായിരുന്ന കാട് വെട്ടി വൃത്തിയാക്കുകയും ടാങ്കിന് വല സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നങ്കിലും പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് പഞ്ചായത്ത് പ്രസിഡൻ്റ് ഉൾപ്പെടെയുള്ളവർ ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കണ്ടത്.
ബ്ലോക്ക് പഞ്ചായത്തിൻ്റെ സഹകരണത്തോടെയുള്ള കുവപ്പാറ പദ്ധതിയുടെ ലൈൻ വലിച്ചിരുന്നങ്കിലും വൈദ്യുതി കണക്ഷൻ നൽകുന്നതിനോ ,ബാക്കി പ്രവൃത്തി നടത്തുന്നതിനോ സാധിച്ചിരുന്നില്ല. വെള്ളം പമ്പ് ചെയ്തപ്പോൾ പൈപ്പ് പൊട്ടിയതും തിരിച്ചടിയായി. ഈ പ്രശ്നങ്ങളെല്ലാം പരിഹരിച്ചാണ് പദ്ധതി യാഥാർത്ഥ്യമാക്കിയത്. കോട്ടമുഴി പമ്പ് ഹൗസിലെ മോട്ടോർമാറ്റി പമ്പിംഗ് ആരംഭിച്ചതും മൂന്നാം വാർഡിലെ കുടിവെള്ള വിതരണത്തിന് സഹായകരമായി.പദ്ധതിയുടെ മോട്ടോർ തകരാർ പരിഹരിക്കാനായി ഗ്രാമപഞ്ചായത്ത് അതിക്രതർ വാട്ടർ അതോറിറ്റി ഓഫീസിൽ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. രണ്ട് പദ്ധതികൾ വഴിയും പമ്പിംഗ് തുടങ്ങിയതോടെ നിരവധി കുടുംബങ്ങൾക്ക് ആശ്വാസമാവും