താമരശ്ശേരിയിൽ ബൈക്കിന് പിന്നിൽ കാറിടിച്ച് പോലീസുകാരന് സാരമായി പരിക്കേറ്റു
തിരുവമ്പാടി : താമരശ്ശേരി പോലീസ് സ്റ്റേഷൻ കവാടത്തിന് തൊട്ടുമുന്നിൽ ബൈക്കിന് പുറകിൽ കാർ വന്നിടിച്ചുണ്ടായ അപകടത്തിൽ പോലീസുദ്യോഗസ്ഥന് സാരമായി പരിക്കേറ്റു. തിരുവമ്പാടി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കിഴക്കോത്ത് കച്ചേരിമുക്ക് പുറായിൽ മുഹമ്മദ് അസ്ല(30)മിനാണ് പരിക്കേറ്റത്. പോലീസ് സ്റ്റേഷനുമുന്നിലെ ട്രാൻസ്ഫോർമറിന് സമീപം തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം.
മാവോവാദി പ്രതിരോധസേനയായ തണ്ടർബോൾട്ട് അംഗമായ മുഹമ്മദ് അസ്ലം, തപാൽഡ്യൂട്ടിയുമായി ബന്ധപ്പെട്ട ആവശ്യത്തിനായി താമരശ്ശേരി ഡിവൈ.എസ്.പി. ഓഫീസിലേക്കെത്തവെയാണ് അപകടമുണ്ടായത്. പോലീസ് സ്റ്റേഷൻ പരിസരത്തുനിന്ന് റോഡിലേക്ക് പ്രവേശിച്ച ബൈക്കിന് പുറകിൽ വയനാട്ടിലേക്ക് പോവുകയായിരുന്ന കാറിടിക്കുകയായിരുന്നു. റോഡിലേക്ക് മറിഞ്ഞുവീണ മുഹമ്മദ് അസ്ലമിനെയും ടയറിൽ കുരുങ്ങിയ ബൈക്കിനെയും കാർ അല്പദൂരം വലിച്ചുനീക്കി.
അപകടത്തിൽ അസ്ലമിന്റെ വാരിയെല്ലിന് ക്ഷതമേൽക്കുകയും കൈയ്ക്ക് ആഴത്തിൽ മുറിവേൽക്കുകയുംചെയ്തു. താമരശ്ശേരി പ്രിൻസിപ്പൽ എസ്.ഐ. സജേഷ് സി. ജോസ്, എസ്.ഐ. ബി. ബാബുരാജൻ, ട്രാഫിക് എസ്.ഐ. സതീശൻ എന്നിവരുടെ നേതൃത്വത്തിൽ അസ്ലമിനെ ഉടൻതന്നെ താമരശ്ശേരി ഗവ.താലൂക്കാശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ ലഭ്യമാക്കി. തുടർന്ന് വിദഗ്ധചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. താത്കാലിക രജിസ്ട്രേഷനിലുള്ള കാറാണ് അപകടത്തിനിടയാക്കിയത്. പൂവാട്ടുപറമ്പ് സ്വദേശിനിയാണ് വാഹനമോടിച്ചിരുന്നതെന്ന് പോലീസ് അറിയിച്ചു. കാർ പോലീസ് കസ്റ്റഡിയിലെടുത്തു.