സ്പോർട്സ് കോംപ്ലക്സ് നിർമാണം ആരംഭിച്ചു
മുക്കം : മലയോരമേഖലയിലെ കായികതാരങ്ങൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനത്തിന് മുക്കം ഹയർ സെക്കൻഡറി സ്കൂളിൽ സ്പോർട്സ് കോംപ്ലക്സ് ഒരുങ്ങുന്നു. ടർഫ് മൈതാനം, ഒളിംപിക്സ് നിലവാരത്തിൽ 50 മീറ്റർ വീതിയും 25 മീറ്റർ നീളവുമുള്ള സിമ്മിങ് പൂൾ, പത്ത് മീറ്റർ വീതിയും അഞ്ചു മീറ്റർ നീളവുമുള്ള കിഡ്സ് പൂൾ, സിന്തറ്റിക് ട്രാക്ക്, വോളിബോൾ, ബാസ്കറ്റ് ബോൾ, ടെന്നീസ് -ബാഡ്മിൻറൺ കോർട്ട് എന്നിവ ഉൾപ്പെടുന്നതാണ് പതിനയ്യായിരം ചതുരശ്രയടി വിസ്തീർണമുള്ള സ്പോർട്സ് കോംപ്ലക്സ്. ആദ്യഘട്ടത്തിൽ ഫുട്‌ബോൾ ടർഫിന്റെ പ്രവൃത്തിയാണ് ആരംഭിച്ചത്.
ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന ബി.ബി.എം സ്‌പോർട്സ് ലാൻഡിനാണ് നിർമാണച്ചുമതല. മൂന്ന് മാസത്തിനകം ഫുട്‌ബോൾ ടർഫിന്റെ പ്രവൃത്തി പൂർത്തിയാക്കും. സ്കൂൾ മാനേജർ വത്സൻ മഠത്തിൽ കുറ്റിയടിച്ച് ടർഫ് മൈതാന നിർമാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. ബി.ബി.എം സി.ഇ.ഒ. ഫസൽ റഹ്മാൻ, പ്രിൻസിപ്പൽ സി.പി. ജംഷീന, പ്രധാനാധ്യാപകൻ സി.എം. മനോജ്, അഡ്മിനിസ്ട്രേറ്റർ കെ.വി. വിജയൻ, ജിബിൻ ജോർജ്, നിഷാബ് മുല്ലോളി, ഷഫ്ന, പൂർവ വിദ്യാർഥി പ്രതിനിധി ജയരാജൻ സ്രാമ്പിക്കൽ എന്നിവർ സംബന്ധിച്ചു.