Karassery
ഇരുവഞ്ഞിപ്പുഴയിൽ വീണ്ടും നീർനായകളുടെ ആക്രമണം
കാരശ്ശേരി : ഇരുവഞ്ഞിപ്പുഴയിൽ വീണ്ടും നീർനായകളുടെ ആക്രമണം. വെള്ളിയാഴ്ച കൂട്ടക്കടവിൽ കുളിക്കാനിറങ്ങിയ റിസ നാസറിനാണ് കാലിന് സാരമായി മുറിവേറ്റത്. വേനലായതോടെ പുഴമാത്രമാണ് ആശ്രയം. പക്ഷേ, പുഴയിലിറങ്ങിയാൽ നീർനായകൾ ആക്രമിക്കാൻ കാത്തുനിൽക്കുന്ന അവസ്ഥയാണ്. രണ്ടുമൂന്നു വർഷത്തിനുള്ളിൽ 200-ലധികംപേർക്ക് കടിയേറ്റു.
കുളിക്കടവിനുചുറ്റും ഇരുമ്പ് നെറ്റ് സ്ഥാപിച്ചാൽ നീർനായകളുടെ ശല്യം ഒഴിവാക്കാവുന്നതേയുള്ളൂവെന്നും എന്നാൽ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഇക്കാര്യത്തിൽ ഒന്നുംചെയ്യുന്നില്ലെന്നും ഇരുവഞ്ഞി സംരക്ഷണസമിതി പ്രവർത്തകർ പറയുന്നു. കൊടിയത്തൂർ, കാരശ്ശേരി ഗ്രാമപ്പഞ്ചായത്തുകൾക്ക് മുന്നിലും മുക്കം മുനിസിപ്പാലിറ്റിക്ക് മുന്നിലും പ്രതിഷേധസമരങ്ങൾ നടത്തുമെന്ന് നാട്ടുകാർ പറഞ്ഞു.