പോളിങ് ഉദ്യോഗസ്ഥർക്ക് വിതരണ കേന്ദ്രങ്ങളിൽ വോട്ടിങ് സൗകര്യമൊരുക്കി
മുക്കം: ലോക്സഭാ തെരഞ്ഞെടുപ്പ് ചുമതല നിർവഹിക്കുന്ന പോളിങ് ഉദ്യോഗസ്ഥർക്ക് വോട്ട് ചെയ്യാൻ വോട്ടിങ് സാമഗ്രികൾ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളിൽ സൗകര്യമൊരുക്കിയതായി ജില്ലാ വരണാധികാരികൾ അറിയിച്ചു. നാളെ (25/04) വോട്ടിങ് സാമഗ്രികൾ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളിൽ വെച്ച് ബാലറ്റ് പേപ്പർ വഴി വോട്ട് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയത്. ഇതിനുപുറമെ കലക്ടറേറ്റുകളിലും വരണാധികാരികളുടെ ഓഫീസിലും സൗകര്യമുണ്ടാകും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗരേഖ പ്രകാരമുള്ള വോട്ടർ ഫെസിലിറ്റേഷൻ സെൻ്ററുകൾ ഈ സ്ഥലങ്ങളിൽ സജീകരിക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നിർദേശം നൽകി. പോളിങ് സ്റ്റേഷന് സമാനമായ സുരക്ഷാ സംവിധാനങ്ങളോടുകൂടിയായിരിക്കും വോട്ടർ ഫെസിലിറ്റേഷൻ കേന്ദ്രങ്ങൾ ഒരുക്കുക.
ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് ചുമതല നിർവഹിക്കുന്ന പ്രദേശത്തെ പ്രത്യേക കേന്ദ്രങ്ങളിൽ ദിവസങ്ങൾക്കു മുൻപ് നേരിട്ടെത്തി വോട്ട് ചെയ്യണമെന്ന നിർദേശമായിരുന്നു ആദ്യം നൽകിയിരുന്നത്. തെരഞ്ഞെടുപ്പ് ചുമതല തന്നെ ഏറെ പ്രയാസത്തോടെ നിർവഹിക്കുന്ന ഉദ്യോഗസ്ഥർക്ക് ഇത് വലിയ പ്രതിസന്ധിയായിരുന്നു സൃഷ്ടിച്ചത്. ഒട്ടേറെ പേർക്ക് വോട്ട് ചെയ്യാൻ സാധിക്കാതെ പോകുകയും ചെയ്തു.
ഈ സംവിധാനം അപ്രയോഗികമാണെന്ന് ചൂണ്ടിക്കാട്ടി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും യുഡിഎഫ് വയനാട് ലോക്സഭ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി വർക്കിങ് ചെയർമാനുമായ സി.പി ചെറിയ മുഹമ്മദ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. ജില്ലാ വരണാധികാരികളുമായി യുഡിഎഫ് നിരന്തരം ഇടപെടലുകൾ നടത്തിയതിനെ തുടർന്നാണ് ഉദ്യോഗസ്ഥർക്ക് കുറെക്കൂടി സൗകര്യപ്രദമായ സംവിധാനം ഒരുക്കിയത്.
കഴിഞ്ഞ കാലങ്ങളിൽ തെരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥർക്ക് അവരുടെ അപേക്ഷ പ്രകാരം ബാലറ്റ് പേപ്പർ അവരുടെ വിലാസത്തിൽ ലഭ്യമാക്കി വോട്ടെണ്ണൽ ദിവസത്തിന് മുന്നോടിയായി തെരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫിസർ മുൻപാകെ ഹാജരാക്കുകയായിരുന്നു ചെയ്തിരുന്നത്. ഇത് വോട്ടെണ്ണലിന്റെ മുൻപായി വരണാധികാരിക്ക് സമർപ്പിച്ചാൽ മതിയായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് കമ്മിഷന്റെ പുതിയ രീതി പ്രകാരം മറ്റു ജില്ലകളിൽ ജോലി ചെയ്യുന്നവർ വോട്ട് ചെയ്യാൻ വേണ്ടി മാത്രമായി അതാത് ജില്ലകളിൽ അനുവദിച്ച കേന്ദ്രങ്ങളിൽ എത്തണം. തെരഞ്ഞെടുപ്പ് പരിശീലനത്തിനും തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾക്കും മാത്രമായാണ് ഉദ്യോഗസ്ഥർ നിയോഗിക്കപ്പെട്ട ഡ്യൂട്ടി ഇടങ്ങളിൽ എത്താറുള്ളത്. പലർക്കും ഡ്യൂട്ടി ലഭിച്ചത് അവർ ജോലി ചെയ്യുന്ന ജില്ലകളിലും ദൂരെയിടങ്ങളിലുമാണ്.
പുതിയ രീതി പ്രകാരം ഏതെങ്കിലും കാരണവശാൽ പരിശീലനത്തിന് ഹാജരാകാത്ത ഉദ്യോഗസ്ഥന് വോട്ടവകാശം നിഷേധിക്കപ്പെടുന്ന സാഹചര്യവും ഉണ്ടായിരുന്നു. അപേക്ഷ സമർപ്പിച്ച ഉദ്യോഗസ്ഥർക്ക് അനുവദിക്കപ്പെട്ട കേന്ദ്രങ്ങളിൽ ബാലറ്റുകൾ ലഭ്യമാകാതെ വരികയും ചെയ്തു. പുതിയ സംവിധാനത്തെക്കുറിച്ച് ഉദ്യോഗസ്ഥർക്കിടയിൽ അവ്യക്തത നിലനിൽക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് ചുമതല ലഭിച്ചുവെന്ന കാരണത്താൽ പല ഉദ്യോഗസ്ഥർക്കും സ്വന്തം വോട്ടവകാശം വിനിയോഗിക്കാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്ന യുഡിഎഫിന്റെ പരാതി കമ്മീഷൻ ഗൗരവമായി എടുക്കുകയായിരുന്നു.