കുളത്തിൽ വീണ കുട്ടികൾക്ക് രക്ഷയേകി വീട്ടമ്മയുടെ ധീരത
കാരശ്ശേരി: കുളത്തിൽ വീണ് മുങ്ങിത്താണ കുട്ടികൾക്ക് വീട്ടമ്മയുടെ ധീരത രക്ഷയേകി. കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിനു കീഴിലുള്ള മുട്ടാത്ത് ഒരുവുംകുണ്ട് കുളത്തിൽവീണ കുറ്റിപ്പുറത്ത് അബ്ദുൽ മനാഫിന്റെ മകൻ ഫിസാനും (11) സഹോദരൻ അബ്ദുൽ ഗഫാറിന്റെ മകൻ സയാനുമാണ് (ആറ്) അയൽവാസിയായ നഫീസ രക്ഷകയായത്. ഞായറാഴ്ച വൈകുന്നേരം കളിക്കുന്നതിനിടെ സയാനാണ് ആദ്യം കുളത്തിലേക്ക് വീണത്.
രക്ഷിക്കാനായി ചാടിയ ഫിസാൻ മുങ്ങിത്താണതോടെ കൂടെയുണ്ടായിരുന്ന കുട്ടി കരഞ്ഞ് ബഹളംവെച്ചു. ഇതുകേട്ട് ഓടിയെത്തിയ നഫീസ കുളത്തിലേക്ക് എടുത്തുചാടി. ചെളിനിറഞ്ഞ കുളത്തിൽനിന്ന് സയാനെ എടുത്തുയർത്തി മുകളിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിടെ ഫിസാൻ പ്രണരക്ഷാർഥം നഫീസയുടെ കാലിൽ പിടികൂടി. അപ്പോഴേക്കും വിവരമറിഞ്ഞെത്തിയ ഇരട്ടസഹോദരൻമാരായ മുഹമ്മദ് യാസിനും മുഹമ്മദ് സിനാനും കുളത്തിലിറങ്ങി നഫീസയെയും സയാനെയും രക്ഷപ്പെടുത്തി കരയ്ക്കുകയറ്റി. പിന്നീട് ചെളിയിൽ കുടുങ്ങിക്കിടന്ന ഫിസാനെയും അവർ മുങ്ങിയെടുത്തു. കുട്ടികളെ പെട്ടെന്നുതന്നെ നാട്ടുകാർ ചേർന്ന് ആംബുലൻസിൽ കെ.എം.സി.ടി. മെഡിക്കൽ കോളേജിലെത്തിച്ചു.
കുട്ടികളെ രക്ഷപ്പെടുത്തിയ നഫീസ, മുഹമ്മദ് യാസിൻ, മുഹമ്മദ് സിനാൻ എന്നിവരെ കാരശ്ശേരി അൽ ഈമാൻ മഹല്ല് കമ്മിറ്റി ആദരിച്ചു. സെക്രട്ടറി പി.കെ.സി. മുഹമ്മദ് ഉപഹാരം നൽകി. കെ. മുഹമ്മദ് ഹാജി, കെ.പി. അബ്ദുൽ നാസിർ, വി.പി. അബ്ദുറസാഖ്, എം.പി. ഷമീർ, പി. ഷഫീർ, എം.പി. ഷാഫി തുടങ്ങിയവർ സംസാരിച്ചു.