Mukkam
മുക്കത്ത് ബൈക്കുകൾ കൂട്ടിയിടിച്ചു; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
മുക്കം : മുക്കത്ത് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. അഗസ്ത്യൻമുഴി ഇരുൽകുന്നുമ്മൽ (കുനിയിൽ) സൈനീഷ് കുമാറാണ് (37) മരിച്ചത്.
മുക്കം പൊലീസ് സ്റ്റേഷനു സമീപം ശനിയാഴ്ച രാത്രി പന്ത്രണ്ടോടെയായിരുന്നു അപകടം. മുക്കം ഭാഗത്തുനിന്ന് അഗസ്ത്യൻ മുഴി ഭാഗത്തേക്ക് പോവുകയായിരുന്ന സൈനീഷ് സഞ്ചരിച്ചിരുന്ന ബൈക്കിൽ എതിർദിശയിൽ നിന്ന് വന്ന ബൈക്ക് ഇടിക്കുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ സൈനീഷിനെ മുക്കം പൊലീസാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന സൈനീഷ് ചൊവ്വാഴ്ച രാവിലെ മരിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം കാരശ്ശേരി പൊതു ശ്മശാനത്തിൽ സംസ്കരിച്ചു. അച്ഛൻ: രമേശൻ, അമ്മ: ഷൈലജ, സഹോദരൻ: ഷൈമേഷ്.