Kozhikode

കോഴിക്കോട് ജില്ലയിലെ എല്ലാ ആശുപത്രികളിലും കോവി‍‍ഡ് ചികിത്സ ഉറപ്പുവരുത്തും

കോഴിക്കോട്∙ ജില്ലയിൽ കോവിഡ് വ്യാപനം വർധിക്കുന്ന പശ്ചാത്തലത്തിൽ കൂടുതൽ ചികിത്സാസൗകര്യങ്ങൾ ഉറപ്പുവരുത്താൻ ജില്ലാഭരണകൂടം. ഗവ.ബീച്ച് ആശുപത്രിയെ കോവിഡ് ഡെഡിക്കേറ്റഡ് ആശുപത്രിയായി കലക്ടർ പ്രഖ്യാപിച്ചു. ബീച്ച് ആശുപത്രിയിലെ ഐസിയു രോഗികളെ ചികിത്സിക്കുന്നതിന് മെയ്ത്ര ആശുപത്രിയിലെ വിദഗ്ധരുടെ സഹായത്തോടെ ഓൺലൈൻ ടെലികൺസൽട്ടേഷൻ സൗകര്യവും ഏർപ്പെടുത്തും.ജില്ലാ, താലൂക്ക് ആശുപത്രികളിലും മറ്റു പ്രധാന ആശുപത്രികളിലും നിലവിലുള്ള കിടക്കകളുടെ 15% കോവിഡ് ബാധിതരെ ചികിത്സിക്കാനായി ഉപയോഗപ്പെടുത്തും. ഓക്സിജൻ സിലിണ്ടറുകളും സജ്ജമാക്കി വയ്ക്കണം.

ജില്ലയിലെ എല്ലാ സ്വകാര്യ ആശുപത്രികളിലും കോവി‍‍ഡ് ചികിത്സ ആരംഭിക്കാനും നിർദേശം നൽകി. ഐസിയുവിൽ ഉൾപ്പെടെയുള്ള കിടക്കകളുടെ 25% ഇതിനായി മാറ്റിവയ്ക്കണം. ഈ വിവരങ്ങൾ കോവിഡ് ജാഗ്രതാ പോർട്ടലിൽ രേഖപ്പെടുത്തുകയും വേണം.കോവിഡ് ചികിത്സാ സൗകര്യമുള്ള എല്ലാ ആശുപത്രികളിലും ഹെൽപ് ഡെസ്ക് ആരംഭിക്കേണ്ടതും ഒരു മൊബൈൽ നമ്പർ പ്രദർശിപ്പിക്കേണ്ടതുമാണ്. എല്ലാ ആശുപത്രികളും ഒഴിവുള്ള കിടക്കകളുടെയും ഐസിയുകളുടെയും വിവരങ്ങൾ രാവിലെയും ഉച്ചയ്ക്കും വൈകിട്ടും കോവിഡ് ജാഗ്രതാ പോർട്ടലിൽ രേഖപ്പെടുത്തണം.

എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും 50 കിടക്കകളെങ്കിലും ഉൾപ്പെടുത്തി ഫസ്റ്റ്‌ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ സജ്ജമാക്കണമെന്നും കലക്ടർ നിർദേശം നൽകി.കഴിഞ്ഞ 2 ദിവസങ്ങളായി 40000ത്തിലേറെപ്പേരെ പരിശോധനയ്ക്കു വിധേയരാക്കിയതിനാൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർധനയുണ്ടാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നത്.

Related Articles

Leave a Reply

Back to top button