Thiruvambady

പൊന്നാങ്കയം തറപ്പേൽ തോട് മൂന്നു തടയണകളും പ്രവർത്തനരഹിതം; തീരങ്ങളിൽ ജലക്ഷാമം രൂക്ഷം

തിരുവമ്പാടി : കടുത്തവേനലിൽ ആർക്കും ഉപകാരപ്പെടാതെ മൂന്ന് തടയണകൾ. ഗ്രാമപ്പഞ്ചായത്തിലെ പൊന്നാങ്കയം തറപ്പേൽ തോടിലാണ് തടയണകൾ പ്രവർത്തനരഹിതമായിക്കിടക്കുന്നത്. നവീകരണപ്രവൃത്തി നടത്താത്തതിനാൽ വർഷങ്ങളായി നോക്കുകുത്തികളായി കിടക്കുകയാണിവ. നൂറുകണക്കിന് കുടുംബങ്ങൾ അധിവസിക്കുന്ന പുല്ലൂരാംപാറയ്ക്കും പൊന്നാങ്കയത്തിനുമിടയിലാണ് തടയണകളുള്ളത്. വെള്ളം തടഞ്ഞുനിർത്താൻ കഴിയാത്തതുകാരണം തീരങ്ങളിലെ കിണറുകൾ ഉൾപ്പെടെയുള്ള ജലസ്രോതസ്സുകളിൽ ജലവിതാനം കുത്തനെ താഴ്ന്നിരിക്കുകയാണ്.

പല കിണറുകളും ഇതിനകം വറ്റി. 2012-ൽ ജലസേചനവകുപ്പ് ഹാർഡ് പദ്ധതിയിൽ നിർമിച്ച തടയണകളാണിത്. വരൾച്ചയിൽനിന്ന് നാടിനെ സംരക്ഷിച്ചുനിർത്തിയിരുന്ന തടയണകൾ ക്രമേണ ദ്രവിച്ചുകീറി പ്രവർത്തനരഹിതമാകുകയായിരുന്നു. തടയണ നിർമിച്ചതോടെ പ്രദേശത്തെ വരൾച്ചയ്ക്ക് പരിഹാരമായിരുന്നു. അറ്റകുറ്റപ്പണി നടത്താത്തതിനെത്തുടർന്ന് പലകകൾ ദ്രവിക്കുകയും ചാനലുകളിൽ തുരുമ്പുകയറി നശിക്കുകയും ചെയ്തതോടെ തടയണയുടെ ശേഷിയുടെ കാൽഭാഗത്ത് പോലും ജലം സംഭരിച്ചു നിർത്താനുള്ള ശേഷിയില്ലാതാവുകയായിരുന്നു. ജലസേചനവകുപ്പുമായി ബന്ധപ്പെട്ട പ്രവൃത്തിയായതിനാൽ ഗ്രാമപ്പഞ്ചായത്തിന് ഫണ്ട് വകയിരുത്തുന്നതിന് സാങ്കേതിക തടസ്സമുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ പറഞ്ഞു. തോട് വറ്റുന്നതിനുമുമ്പായി അറ്റകുറ്റപ്പണി നടത്തുന്നതിന് ജലസേചനവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് കർഷക കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ഷിജു ചെമ്പനാനി ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Back to top button