Mukkam

ക്വാറി-ക്രഷർ ഉത്പന്നങ്ങളുടെ വിലവർധന; നിർമാണമേഖല പ്രതിസന്ധിയിൽ

മുക്കം: സംസ്ഥാനത്തെ ക്വാറി-ക്രഷർ യൂണിറ്റുകൾ ഉത്പന്നങ്ങൾക്ക് വില കുത്തനെ കൂട്ടിയതോടെ പ്രതിസന്ധിയിലായി നിർമാണമേഖല. ബോളർ, മെറ്റൽ, എം സാൻഡ് തുടങ്ങിയ ഉത്പന്നങ്ങൾക്ക് ഒരടിക്ക് അഞ്ചുമുതൽ ഏഴു രൂപവരെയാണ് വർധിപ്പിച്ചത്. 10 ദിവസം നീണ്ടുനിന്ന ക്വാറി-ക്രഷർ സമരത്തിനു പിന്നാലെ ഉത്പന്നങ്ങൾക്ക് വിലകൂട്ടിയത് മഴക്കാലത്തിനുമുൻപ് തീർക്കേണ്ട പൊതുമരാമത്ത് പ്രവൃത്തികളെയും വീട്-കെട്ടിട നിർമാണങ്ങളെയും സാരമായി ബാധിക്കും. ഖനനവുമായി ബന്ധപ്പെട്ട് സർക്കാർ കൊണ്ടുവന്ന ചട്ടഭേദഗതി മേഖലയെ തകർക്കുമെന്നാരോപിച്ച് ക്വാറി-ക്രഷർ മേഖലയിലെ ആറുസംഘടനകൾ 10 ദിവസമായി നടത്തിവന്ന സമരം ബുധനാഴ്ചയാണ് ഒത്തുതീർപ്പായത്. ഇതിന് പിന്നാലെയാണ് ക്വാറി-ക്രഷർ യൂണിറ്റുകൾ ഉത്പന്നങ്ങളുടെ നിരക്ക് വർധിപ്പിച്ചത്. ക്വാറി-ക്രഷർ യൂണിറ്റുകളുടെ റോയൽറ്റി ഫീസ് ഈ മാസം സർക്കാർ വർധിപ്പിച്ചിരുന്നു. ഇതിന്റെ മറപിടിച്ചാണ് ഉത്പന്നങ്ങളുടെ വില വർധിപ്പിച്ചത്.

ക്വാറി-ക്രഷർ ഉത്പന്നങ്ങളുടെ റോയൽറ്റി ഫീസ് ടണ്ണിന് 24 രൂപയിൽനിന്ന് 48 രൂപയായാണ് വർധിപ്പിച്ചത്. ഇതിന്റെ മറവിൽ ക്വാറി-ക്രഷർ യൂണിറ്റ് ഉടമകൾ ഒരടി ഖനന ഉത്പന്നങ്ങൾക്ക് വർധിപ്പിച്ചതാകട്ടെ അഞ്ചുമുതൽ ഏഴു രൂപവരെയും. റോയൽറ്റി ഇനത്തിൽ സർക്കാർ ഈടാക്കുന്നതിന്റെ പത്തിരട്ടിയോളം രൂപയാണ് ക്വാറിക്കാർ ഉപഭോക്താക്കളിൽനിന്ന് ഈടാക്കുന്നത്. അനധികൃത ഖനനം കണ്ടെത്താൻ ഡ്രോൺ ഉപയോഗിച്ച് സർവേ നടത്താനും ലീസ് നിയമത്തിലെ പിഴത്തുക ഇരുപത് ഇരട്ടി വർധിപ്പിക്കാനും സർക്കാർ കൊണ്ടുവന്ന ചട്ടഭേദഗതിയിൽ വ്യവസ്ഥയുണ്ട്. ഈ നടപടി ലഘൂകരിക്കണമെന്നാവശ്യപ്പെട്ടാണ് ക്വാറി-ക്രഷർ ഉടമകൾ അനിശ്ചിതകാല സമരം നടത്തിയിരുന്നത്. സർക്കാർ കൊണ്ടുവന്ന ചട്ടഭേദഗതി പിൻവലിച്ചാൽ മാത്രമേ പഴയനിരക്കിൽ ഉത്പന്നങ്ങൾ നൽകൂവെന്ന നിലപാടിലാണ് ക്വാറി ഉടമകൾ

Related Articles

Leave a Reply

Back to top button