Kerala

നെല്‍വയല്‍ ഉടമകള്‍ക്ക് റോയല്‍റ്റി: ലഭിച്ചത് 77,057 അപേക്ഷകള്‍, അപേക്ഷിക്കേണ്ടത് ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് നെല്‍കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നെല്‍വയല്‍ ഉടമകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന റോയല്‍റ്റിക്കായി ഒക്ടോബര്‍ 28 വരെ ഓണ്‍ലൈനായി അപേക്ഷിച്ചത് 77,057 പേര്‍. ആദ്യം അപേക്ഷിച്ച 3,909 പേര്‍ക്കുള്ള ബില്‍ പാസായി. നവംബര്‍ അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി ഉദ്ഘാടനം ചെയ്യുന്നതോടെ നെല്‍വയല്‍ ഉള്ളവര്‍ക്ക് റോയല്‍റ്റി നല്‍കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറും.

പയര്‍ വര്‍ഗ്ഗങ്ങള്‍, പച്ചക്കറി, നിലക്കടല, എള്ള് എന്നിങ്ങനെ നെല്‍വയലിന്റെ അടിസ്ഥാന സ്വഭാവത്തില്‍ മാറ്റം വരുത്താതെ കൃഷിചെയ്യുന്നവര്‍ക്കും ഹ്രസ്വകാല വിള കൃഷി ചെയ്യുന്നവര്‍ക്കുമാണ് റോയല്‍റ്റി നല്‍കുക. ഹെക്ടറിന് വര്‍ഷം 2,000 രൂപവീതമാണ് റോയല്‍റ്റി. ഈ തുക ബാങ്ക് അക്കൗണ്ട് മുഖേനയാണ് വിതരണം ചെയ്യുക. നെല്‍വയലിന്റെ ഭൗതിക പരിശോധനയും രേഖകളുടെ ഓണ്‍ലൈന്‍ പരിശോധനയും കഴിഞ്ഞാല്‍ കര്‍ഷകരുടെ അക്കൗണ്ടില്‍ തുക ലഭിക്കും.2020-21ലെ ബഡ്ജറ്റില്‍ നെല്‍കൃഷി വികസനത്തിനായി ആകെ 118.24 കോടി രൂപയാണ് വകയിരുത്തിയത്. ഇതില്‍ ഉള്‍പ്പെടുത്തിയിരുന്ന ഘടകമായിരുന്നു നെല്‍വയല്‍ ഉടമകള്‍ക്കുള്ള റോയല്‍റ്റി. 40 കോടി രൂപയാണ് പദ്ധതിക്കായി നീക്കിവച്ചിട്ടുള്ളത്. റോയല്‍റ്റിക്കായി സെപ്റ്റംബര്‍ ഏഴിന് സര്‍ക്കുലര്‍ നല്‍കി. തുടര്‍ന്ന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു.

അപേക്ഷ സമര്‍പ്പിക്കേണ്ട വിധവും സമര്‍പ്പിക്കുമ്പോള്‍ കൈവശം വേണ്ട രേഖകളും:www.aims.kerala.gov.in എന്ന പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി റോയല്‍റ്റിക്ക് അപേക്ഷിക്കാം. ജനസേവന കേന്ദ്രങ്ങളുടെ സഹായത്തോടെയും അപേക്ഷ നല്‍കാം. ഭൂമിയുടെ കൈവശ അവകാശ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഈ വര്‍ഷത്തെ കരം അടച്ച രസീത്, ആധാര്‍ കാര്‍ഡ്, വോട്ടേഴ്‌സ് ഐഡി കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങി ഫോട്ടോ പതിപ്പിച്ചിട്ടുള്ള ഏതെങ്കിലുമൊരു തിരിച്ചറിയല്‍ രേഖ, ബാങ്ക് അക്കൗണ്ട് നമ്പര്‍, ബാങ്ക് പാസ്ബുക്കിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ള മുന്‍ പേജ് (ഐഎഫ്എസ്സി കോഡ് വ്യക്തമാകുന്ന പേജ്) അല്ലെങ്കില്‍ റദ്ദാക്കിയ ചെക്ക് ലീഫ് എന്നിവ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം.നെല്‍വയലുകള്‍ തരിശായി ഇട്ടിരിക്കുന്ന ഭൂവുടമകള്‍ പ്രസ്തുത ഭൂമി നെല്‍കൃഷിക്കായി സ്വന്തമായോ മറ്റു കര്‍ഷകര്‍ /ഏജന്‍സികള്‍ മുഖേന ഉപയോഗപ്പെടുത്തുന്ന അടിസ്ഥാനത്തില്‍ റോയല്‍റ്റി അനുവദിക്കും. എന്നാല്‍ പ്രസ്തുത ഭൂമി മൂന്നുവര്‍ഷം തുടര്‍ച്ചയായി തരിശായി കിടന്നാല്‍ പിന്നീട് റോയല്‍റ്റിക്ക് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല.

അതിനുശേഷം വീണ്ടും കൃഷി ആരംഭിക്കുന്ന മുറയ്ക്ക് റോയല്‍റ്റിക്ക് പരിഗണിക്കും. നിലവില്‍ കര്‍ഷകര്‍ക്ക് മികച്ചയിനം നെല്‍വിത്തുകള്‍ കൃഷിഭവനുകള്‍ വഴി സൗജന്യമായി നല്‍കുന്നുണ്ട്. ഉഴവ് കൂലിയായി ഹെക്ടറിന് 17,500 രൂപയും പ്രൊഡക്ഷന്‍ ബോണസായി 1,000 രൂപയും, സ്ഥിര വികസന ഫണ്ടില്‍ നിന്നും 5,500 രൂപയും നല്‍കുന്നു. സബ്‌സിഡി നിരക്കില്‍ ജൈവ വളവും സൗജന്യ വൈദ്യുതിയും നല്‍കുന്നുണ്ട്. ഇതിന് പുറമേയാണ് ഇപ്പോള്‍ റോയല്‍റ്റി നല്‍കുന്നത്.സംസ്ഥാനത്ത് നെല്‍വയല്‍ വിസ്തൃതി, ഉത്പാദനം, ഉത്പാദന ക്ഷമത എന്നിവയില്‍ ഗണ്യമായ വര്‍ദ്ധനവാണ് കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ ഉണ്ടായത്. നെല്ല് ഉത്പാദനത്തില്‍ രണ്ട് ലക്ഷം മെട്രിക് ടണ്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഉത്പാദനത്തില്‍ മാത്രമല്ല നെല്ല് സംഭരണത്തിലും റെക്കോര്‍ഡ് വര്‍ദ്ധനവാണ് ഈ വര്‍ഷം ഉണ്ടായിട്ടുള്ളത്. 2016-20ല്‍ സംഭരണ വിലയില്‍ 28 ശതമാനം വര്‍ദ്ധനവാണ് കൈവരിച്ചത് (21.50 രൂപയില്‍ നിന്ന് 27.48 രൂപയായി). 7.1 ലക്ഷം മെട്രിക് ടണ്‍ നെല്ലാണ് 2019-20 വര്‍ഷം സംഭരിച്ചത്. പ്രളയം, കോവിഡ് തുടങ്ങി പല ഘട്ടത്തിലും പ്രതിസന്ധികള്‍ ഉണ്ടായെങ്കിലും നെല്‍കൃഷി അഭിവൃദ്ധിപ്രാപിച്ചത് കൂടുതല്‍ തരിശുനിലങ്ങള്‍ ഏറ്റെടുത്ത് കൃഷി ചെയ്തത് കൊണ്ടാണ്. 50,000 ഏക്കര്‍ തരിശുനിലങ്ങളിലാണ് കഴിഞ്ഞ നാലരവര്‍ഷത്തിനിടെ വീണ്ടും കൃഷി ആരംഭിച്ചത്.

Related Articles

Leave a Reply

Back to top button