കാബേജും കോളിഫ്‌ലവറും വിളയിച്ച് വിദ്യാർഥികൾ

കൂടരഞ്ഞി : കൂടരഞ്ഞി സെയ്ന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി വിദ്യാർഥികളുടെ ജൈവകൃഷിക്ക് നൂറുമേനി വിളവ്.കാബേജ്, കോളിഫ്‌ലവർ തുടങ്ങിയ വിളകൾ അടങ്ങിയതാണ് കുട്ടികളുടെ പച്ചക്കറിത്തോട്ടം. ചേന, മുളക്, തക്കാളി, പാവൽ, പപ്പായ തുടങ്ങിയവയും വിളവെടുപ്പിന് തയ്യാറായിട്ടുണ്ട്. സ്‌കൂളിലെ കാർഷിക ക്ലബ്, വ്യക്തിത്വ വികസന ക്ലബ്ബ്, സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ്, ജെ.ആർ.സി. എന്നിവയുടെ നേതൃത്വത്തിലാണ് കൃഷി.
കൂടരഞ്ഞി കൃഷിഭവൻ ഉദ്യോഗസ്ഥർ വിവിധ കൃഷികൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകുന്നു. രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കാതെ പൂർണമായും ജൈവരീതിയിലാണ് കൃഷി. വിത്ത് നട്ടതുമുതൽ കുട്ടികൾ തന്നെയാണ് കൃഷിയുടെ പരിപാലനം.
സ്‌കൂൾ മാനേജർ ഫാ. റോയി തേക്കുംകാട്ടിൽ, പ്രിൻസിപ്പൽ ലീനാ വർഗീസ്, പ്രധാനാധ്യാപകൻ സജി ജോൺ, പി.ടി.എ. പ്രസിഡന്റ് ഷിബു ജോർജ്, ക്ലബ്ബ് കൺവീനർമാരായ ജോളി ജോസഫ്, അബ്ദുൽ നാസർ എന്നിവർ പ്രോത്സാഹനവുമായി വിദ്യാർഥികൾക്കൊപ്പമുണ്ട്. പച്ചക്കറി വിളവെടുപ്പ് ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് വിദ്യാർഥികളും അധ്യാപകരും. വിളവെടുക്കുന്ന പച്ചക്കറികൾ സ്‌കൂളിലെ ഉച്ചഭക്ഷണത്തിന് ഉപയോഗിക്കും.







