Mukkam

ഒരു പഞ്ചായത്തിൽ ഒരു കളിസ്ഥലം പദ്ധതി;പ്രാഥമിക പ്രവർത്തനങ്ങൾക്ക് തുടക്കം

മുക്കം : യുവതലമുറയ്ക്ക് മികവുറ്റ പരിശീലനസൗകര്യമൊരുക്കി, മികച്ച കായികതാരങ്ങളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പാക്കുന്ന ഒരു പഞ്ചായത്തിൽ ഒരു കളിസ്ഥലം പദ്ധതിയുടെ പ്രാഥമിക പ്രവർത്തനങ്ങൾക്ക് ജില്ലയിൽ തുടക്കമായി.

കോഴിക്കോട് ജില്ലയിൽ ആദ്യഘട്ടത്തിൽ പത്ത് മൈതാനങ്ങളാണ് നവീകരിക്കുന്നത്. കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്തിലെ ചെറുവാടി ഖിലാഫത്ത് സ്റ്റേഡിയം, നൊച്ചാട് ഗ്രാമപ്പഞ്ചായത്തിലെ ഒന്നാം വാർഡിലെ മൈതാനം, നരിക്കുനി ഗ്രാമപ്പഞ്ചായത്തിലെ ഇ.എം.എസ് സ്റ്റേഡിയം, മൂടാടി ഗ്രാമപ്പഞ്ചായത്തിലെ വൻമുഖം ജി.എച്ച്.എസ് മൈതാനം, ഒളവണ്ണ ഗ്രാമപ്പഞ്ചായത്തിലെ മൂവത്തുംപടി മൈതാനം, വളയം പഞ്ചായത്ത് ഗ്രൗണ്ട്, ബേപ്പൂർ മിനി സ്റ്റേഡിയം, കാക്കൂർ രാജീവ് ഗാന്ധി മിനി സ്റ്റേഡിയം, വടകര അഴിയൂർ മിനി സ്റ്റേഡിയം, കോട്ടൂർ പയ്യോളി സ്റ്റേഡിയം എന്നിവയാണ് ആദ്യഘട്ടത്തിൽ നവീകരിക്കുക.

നിലവിലെ മൈതാനത്ത് ആവശ്യമായ നവീകരണ പ്രവർത്തനങ്ങളാണ് പദ്ധതിയുടെ ഭാഗമായി നടത്തുക. ഇതിന്‍റെ ഭാഗമായി കായിക യുവജനക്ഷേമ വകുപ്പ് ഉദ്യോഗസ്ഥർ നവീകരിക്കുന്ന കളിസ്ഥലങ്ങൾ സന്ദർശിച്ച് ജനപ്രതിനിധികളിൽനിന്നും നാട്ടുകാരിൽനിന്നും വിവരശേഖരണം നടത്തി.

പ്രോജക്റ്റ് എൻജിനിയർ ഇ.കെ. നവാസ് കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്തിലെ ചെറുവാടി മിനി സ്റ്റേഡിയം സന്ദർശിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസി. വി. ഷംലൂലത്ത്, ബ്ലോക്ക് പഞ്ചായത്തംഗം സുഹറ വെള്ളങ്ങോട്ട്, പഞ്ചായത്തംഗം ഫസൽ കൊടിയത്തൂർ, രാഷ്ട്രീയ സാമൂഹികപ്രവർത്തകർ, ക്ലബ്ബ് ഭാരവാഹികൾ തുടങ്ങിയവരിൽനിന്ന് വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. സ്റ്റേഡിയത്തിന്റെ കിഴക്കുഭാഗത്ത് ഗാലറി, സംരക്ഷണമതിൽ, നെറ്റ് തുടങ്ങിയ സംവിധാനങ്ങൾ അത്യാവശ്യമാണെന്ന് നാട്ടുകാർ ഉദ്യോഗസ്ഥനെ ബോധ്യപ്പെടുത്തി.

നിലവിൽ പദ്ധതിക്ക് എത്ര രൂപ ചെലവഴിക്കാമെന്നതിനെ സംബന്ധിച്ചോ, എന്തൊക്കെ വികസനപ്രവർത്തനങ്ങൾ നടപ്പാക്കാമെന്നതിനെ സംബന്ധിച്ചോ വിശദമായ മാർഗരേഖ സർക്കാർ പുറത്തിറക്കിയിട്ടില്ല. നിലവിൽ പദ്ധതിയുടെ ഭാഗമായി പ്രാഥമിക വികസനങ്ങൾ മാത്രമാണ് നടപ്പാക്കുക. സിന്തറ്റിക് ട്രാക്കുൾപ്പെടെയുള്ള സംവിധാനങ്ങളുമായി ഒരു നിയോജകമണ്ഡലത്തിൽ ഒരു സ്റ്റേഡിയമെന്ന സർക്കാരിന്റെ പദ്ധതി നിലവിലുണ്ട്.

Related Articles

Leave a Reply

Back to top button