Kodanchery
പോത്തുണ്ടിപ്പുഴയോരത്ത് കുന്നിടിക്കൽ തടഞ്ഞു

കോടഞ്ചേരി∙ പഞ്ചായത്തിൽ 21ാം വാർഡിൽ പോത്തുണ്ടിപ്പുഴയോരത്ത് നടക്കുന്ന കുന്നിടിക്കലും നിർമാണവും പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരിയുടെ നേതൃത്വത്തിൽ തടഞ്ഞു. നിർമാണം ഉടൻ നിർത്തിവയ്ക്കാനും കൈവശമുള്ള രേഖകൾ ഹാജരാക്കാനും നിർദേശം നൽകിയതായി അലക്സ് തോമസ് ചെമ്പകശ്ശേരി പറഞ്ഞു.പോത്തുണ്ടിപ്പുഴയോട് ചേർന്ന് സ്വകാര്യ വിനോദ പാർക്കിന്റെ നിർമാണമാണ് നടന്നത്.
ഏക്കർ കണക്കിന് കുന്നിൻപ്രദേശം ഇടിച്ചു നിരത്തിയെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. കഴിഞ്ഞ പ്രളയക്കെടുതിയിൽ ഉരുൾപൊട്ടലിൽ തകർന്നു കിടക്കുന്ന പോത്തുണ്ടി പാലത്തിനു സമീപവും കുന്നിടിക്കൽ ഉണ്ടായിരുന്നു.വാർഡ് മെംബർ ജമീല അസീസ്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഇൻചാർജ് ബൈജു തോമസ്, പഞ്ചായത്ത് ക്ലാർക്ക് ജോർലിൻ ജോസ് എന്നിവരും പഞ്ചായത്ത് പ്രസിഡന്റിനോടൊപ്പം ഉണ്ടായിരുന്നു.






