കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയെ അഭിനന്ദിച്ചു

മുക്കം : കോവിഡ് പ്രതിരോധ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സംസ്ഥാനത്തെ മറ്റു പഞ്ചായത്തുകൾക്ക് മാതൃക സൃഷ്ടിച്ചു കൊണ്ടു മുന്നേറുന്ന കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയെ പഞ്ചായത്ത് മുസ്‌ലിം ലീഗ് വർക്കിംഗ് കമ്മിറ്റി യോഗം അഭിനന്ദിച്ചു. ചെറുവാടി ദാറുൽ ഹസനാത്തിൽ പ്രസിഡൻ്റ് കെ പി അബ്ദുറഹിമാൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം മണ്ഡലം സെക്രട്ടറി കെ വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്ത് തന്നെ ആദ്യമായി പൊതുജന പങ്കാളിത്തത്തോടെ കമ്യൂണിറ്റി കിച്ചൺ ആരംഭിച്ചും പഞ്ചായത്തിലെ മുഴുവൻ കിടപ്പു രോഗികൾക്കും വീട്ടിൽ ചെന്ന് പ്രതിരോധ കുത്തിവെപ്പ് നൽകിയും മാതൃക കാണിച്ച ഭരണ സമിതി അധികൃതരുടെയും നാട്ടുകാരുടെയും പ്രശംസ നേടിയിരുന്നു. ഇപ്പോൾ വാക്സിനേഷൻ കാര്യത്തിലും ജില്ലയിൽ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്.
കഴിവും കാഴ്ചപ്പാടുമുള്ള ഭരണസമിതിയുടെയും ആരോഗ്യ പ്രവർത്തകരുടെയും സേവന സന്നദ്ധതയും കൂട്ടായ പ്രവർത്തനവുമാണ് ഗ്രാമപ്പഞ്ചായത്തിൻ്റെ മുന്നേറ്റത്തിന് കാരണമെന്ന് യോഗം വിലയിരുത്തി. മുസ്‌ലിം ലീഗ് നേതാക്കളെയും ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറിനെയും അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ പങ്കാളിയായ കൊടിയത്തൂരിലെ അഡ്വ. പി വി ശബീറിനെ സംഘടനയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും നീക്കം ചെയ്യാനായി ശുപാർശ ചെയ്യാൻ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
യോഗത്തിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത്, എം എ അബ്ദുറഹിമാൻ ഹാജി, കെ മോയിൻകുട്ടി മാസ്റ്റർ, മജീദ് പുതുക്കുടി, പി ജി മുഹമ്മദ്, പി സി നാസർ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു. ജനറൽ സെക്രട്ടറി എൻ കെ അഷ്റഫ് സ്വാഗതവും ട്രഷറർ എസ് എ നാസർ നന്ദിയും പറഞ്ഞു.







