മുത്തപ്പൻ പുഴയിൽ വീണ്ടും ജണ്ട വിവാദം: സർവേക്കല്ലുകൾ സ്ഥാപിച്ചു

തിരുവമ്പാടി : സംയുക്ത സർവേ നടത്താതെ മുത്തപ്പൻ പുഴയിൽ വീണ്ടും ജണ്ടകെട്ടൽ നടപടിയുമായി വനംവകുപ്പ് മുന്നോട്ട്. ഇതിന്റെ ഭാഗമായി സർവേക്കല്ലുകൾ സ്ഥാപിച്ചു.
കളരിക്കൽ-മുത്തപ്പൻ പുഴ-മറിപ്പുഴ പ്രദേശങ്ങളിൽ 1972-ൽ പട്ടയം ലഭിച്ച കൃഷിഭൂമിയുടെ ഒരതിർത്തി പട്ടയത്തിൽ പുഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, കഴിഞ്ഞ കുറെ വർഷങ്ങളായി വനംവകുപ്പ് ഉദ്യോഗസ്ഥർ ഇവിടെയുള്ള കർഷകരുടെ കൃഷിഭൂമിയിൽ ജണ്ടയിടുന്നതിന് കാരണം പറയുന്നത് പുഴയും പുഴയോരവും വനഭൂമിയാണെന്നാണ്. പുഴയുടെ ഇരുകരകളും കൃഷിഭൂമിയാണ്.
മുത്തപ്പൻ പുഴ പള്ളിയുടെ സെമിത്തേരിയിലും അതിർത്തി നിശ്ചയിച്ച് ജണ്ടയിടാൻ നേരത്തേ ശ്രമം നടന്നിരുന്നെങ്കിലും നാട്ടുകാർ പ്രതിരോധിക്കുകയായിരുന്നു. തർക്കത്തെ തുടർന്ന് സ്ഥലത്തെത്തിയ കളക്ടറും ഡി.എഫ്.ഒ.യും കർഷകരെ അറിയിച്ചിരുന്നത് റവന്യൂ, വനം വകുപ്പുകളുടെ സംയുക്ത സർവേ നടത്തിയതിനുശേഷം മാത്രമേ നടപടി സ്വീകരിക്കുകയുള്ളൂവെന്നായിരുന്നു.
വനംമന്ത്രിയുടെ സാന്നിധ്യത്തിൽ എം.എൽ.എ.യുൾപ്പെടെയുള്ളവർ പങ്കെടുത്ത യോഗത്തിലും സംയുക്ത സർവേക്കുശേഷമേ തുടർനടപടിയുണ്ടാകൂവെന്ന് ഉറപ്പുനൽകിയിരുന്നുവത്രെ. ഇത് ലംഘിച്ചാണ് വനം വകുപ്പിന്റെ ഇപ്പോഴത്തെ നീക്കമെന്ന് മുൻ ഗ്രാമപ്പഞ്ചായത്തംഗവും കോൺഗ്രസ് തിരുവമ്പാടി മണ്ഡലം വൈസ് പ്രസിഡന്റുമായ ടോമി കൊന്നക്കൽ ആരോപിച്ചു.
എന്നാൽ, സർവേക്ക് അനുമതിനൽകിയ കർഷകരുടെ അതിർത്തിയിൽ മാത്രമാണ് നിലവിൽ ജണ്ടകെട്ടുന്നതെന്നാണ് വനം വകുപ്പ് സെക്ഷൻ ഓഫീസർ പറയുന്നത്. പരാതിക്കാരായ കർഷകരുടെ ഭൂമിയിൽ സർവേ നടത്തിയിട്ടില്ല. എന്നാൽ, സംയുക്ത സർവേയില്ലാതെ ജണ്ടകെട്ടുന്നത് ചട്ടലംഘനമാണെന്ന് വനം വകുപ്പിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ മാതൃഭൂമിയോട് പറഞ്ഞു.







