ടീൻ ഫോർ ഗ്രീൻ മെൻസ്ട്രൽ കപ്പ് ചലഞ്ചുമായി എൻഎസ്എസ് ടീം

കാരശ്ശേരി : മലപ്പുറം രണ്ടത്താണിയിൽ യുവത സാംസ്കാരികസംഘടനയുടെ കീഴിലുള്ള ശാന്തിഭവനത്തിൽ പെൺകുട്ടികൾക്ക് മെൻസ്ട്രൽ കപ്പ് വിതരണംചെയ്ത് ആനയാംകുന്ന് ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് വൊളന്റിയർമാർ. പ്ലാസ്റ്റിക് മലിനീകരണത്തിനെതിരേയുള്ള എൻഎസ്എസ് പ്രവർത്തനപദ്ധതിയായ ആശാകിരൺ, ടീൻ ഫോർ ഗ്രീൻ എന്നിവയുടെ ഭാഗമായാണ് ശാന്തിഭവനിൽ മെൻസ്ട്രൽ കപ്പ് ചലഞ്ചുമായി എത്തിയത്.
പ്ലാസ്റ്റിക്കിനെതിരേയുള്ള ടീൻ ഫോർ ഗ്രീൻ പദ്ധതി, അനാഥരായ പെൺകുട്ടികൾക്ക് ആശ്വാസം നൽകുന്ന ആശാകിരൺ പദ്ധതി എന്നിവ ഏകോപിപ്പിച്ചു കൊണ്ട് എൻഎസ്എസ് കേരള നോർതേൺ റീജണൽതല ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. കോഴിക്കോട് സൗത്ത് ജില്ല എൻഎസ്എസ് കൺവീനർ എം.കെ. ഫൈസൽ ഉദ്ഘാടനം ചെയ്തു. തിരുവമ്പാടി ക്ലസ്റ്റർ കൺവീനർ ടി. രതീഷ് അധ്യക്ഷനായി. അധ്യാപകരായ സില്ലി ബി. കൃഷ്ണൻ, എം.ടി. ഫരീദ, അബ്ദുൽ സലീം മേൽമുറി, ശാന്തിഭവൻ വർക്കിങ് കമ്മിറ്റി വൈസ് ചെയർമാൻ അബ്ദുൽ നാസർ, പ്രോഗ്രാം ഓഫീസർ കെ.വി. നസീറ എന്നിവർ സംസാരിച്ചു.







