കാപ്പാട്-തുഷാരഗിരി പാത ; വാഹനങ്ങൾക്ക് അപകടക്കെണിയാകുന്നു

കോടഞ്ചേരി : പാതിവഴിയിൽ നിലച്ച കലുങ്കുനിർമാണവും എതിർവശത്ത് റോഡിലേക്ക് ചാഞ്ഞുനിൽക്കുന്ന മരവും വലിയ വാഹനങ്ങൾക്ക് അപകടക്കെണിയാകുന്നു. കാപ്പാട്-തുഷാരഗിരി പാതയിൽ കോടഞ്ചേരിക്കും ഗവ. കോളേജിനും ഇടയ്ക്കാണ് വലിയ വാഹനങ്ങൾക്ക് കെണിയൊരുക്കി മരംനിൽക്കുന്നത്.
ഈ ഭാഗത്തെ വെള്ളക്കെട്ടിന് പരിഹാരമായാണ് റോഡിൽ കലുങ്ക് നിർമിക്കുന്നത്. റോഡിന്റെ പകുതിയോളം ഭാഗത്ത് കലുങ്ക് നിർമിച്ചിട്ട് ഒരുമാസം പിന്നിട്ടെങ്കിലും മറുഭാഗത്തെ മരം നിർമാണത്തിന് തടസ്സമായി. മണ്ണിടിഞ്ഞുവീഴുന്നതിനാൽ അരിക് കെട്ടുന്നതും നിലച്ചു.
കലുങ്കുനിർമാണം പൂർത്തിയാകാത്തതിനാൽ മരത്തിന്റെ ചുവടിനോടുചേർന്നുവേണം വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ. മരത്തിന്റെ മുകൾവശം റോഡിലേക്ക് ചരിഞ്ഞുനിൽക്കുന്നത് രാത്രിസമയങ്ങളിൽ ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടില്ലെങ്കിൽ ബസുകളുടെയും ലോഡുകയറ്റി വരുന്ന വലിയവാഹനങ്ങളുടെയും മുകൾഭാഗം മരത്തിൽ തട്ടി കേടുപാടുപറ്റുമെന്ന് ഡ്രൈവർമാർ പറയുന്നു. വാഹനങ്ങളുടെ മുകൾഭാഗംതട്ടി മരത്തിന്റെ ഒരുഭാഗം ചെത്തിപ്പോയ നിലയിലാണ്.







