100 രൂപ മുതൽ 1900 രൂപവരെ വില; പുണ്യദിനങ്ങൾക്കു മധുരമേകാൻ ഈന്തപ്പഴം നിറയുന്നു

കോഴിക്കോട് ∙ റമസാൻ മാസത്തിലെ അനുഗ്രഹത്തിന്റെ പുണ്യദിനങ്ങൾക്കു മധുരമേകാൻ ഈന്തപ്പഴം വിപണികളിൽ നിറയുന്നു.പകലറുതിയോളം വ്രതമനുഷ്ഠിച്ച വിശ്വാസിക്ക് ഈന്തപ്പഴം നോമ്പുതുറയുടെ വിശുദ്ധി പകരുന്നു. നിങ്ങൾ ഈന്തപ്പഴം കൊണ്ട് നോമ്പ് തുറക്കുക. കാരണം, അതിൽ അനുഗ്രഹമുണ്ട് – എന്നാണു നബിവചനം. നോമ്പുതുറയിൽ ഒഴിച്ചു കൂടാൻ പറ്റാത്ത ഈന്തപ്പഴത്തിനു വിപണിയിൽ 100 രൂപ മുതൽ 1900 രൂപവരെ വിലയുണ്ട്.
നഗരത്തിലെ ഒട്ടുമിക്ക കടകളിലും വ്യത്യസ്തമായ ഈന്തപ്പഴ വിഭാഗം വരെയുണ്ട്. ജോർദാൻ നദിക്കരയിലും ജോർദാൻ- ഇസ്രയേൽ അതിർത്തിയിലും വളരുന്ന സാധാരണയിലും വലിപ്പമേറിയ ഈന്തപ്പഴം വിപണിയിൽ ഉണ്ട്. കൂടാതെ മജിബുൾ 1800, മബ്റൂം 1100 കിലോയ്ക്ക് വിലയുണ്ട്. 32 മുതൽ 240 രൂപ വരെ വിലയുള്ള ഈന്തപ്പഴങ്ങളും ഉണങ്ങിയ കാരയ്ക്കയും ധാരാളമായുണ്ട്. കിമിയ, മറിയാമി എന്നീ പേരുകളിൽ ഇറാനിൽ നിന്നെത്തുന്ന ഈന്തപ്പഴം 250 രൂപവരെയാണ് വില.
സൗദിയിൽ നിന്നെത്തുന്ന സഫാവിയും മേൽത്തരം ഇനത്തിൽപ്പെടുന്നു. ബഹ്റൈൻ, ഒമാൻ എന്നിവിടങ്ങളിൽ നിന്നും ഈന്തപ്പഴമെത്തുന്നുണ്ട്. ഹജ്ജിനു പോയിവരുന്നവർ കൊണ്ടുവരുന്ന ശുഖരി ഈന്തപ്പഴത്തിന് 800–900 രൂപവരെ വിലയുണ്ട്. കൂടാതെ 50 രൂപയുടെ പായ്ക്കറ്റും വിൽപനയ്ക്കുണ്ട്. വിദേശ രാജ്യത്ത് നിന്ന് ഇറക്കുമതി ചെയ്ത ഈന്തപ്പഴത്തിനാണ് ആളുകൾക്ക് പ്രിയമെന്ന് കച്ചവടക്കാർ പറയുന്നു.






