തിരുവമ്പാടിയിലെ ഭാരത് ഗ്യാസ് ഗോഡൗണ്‍ അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ട് പോലീസിൽ പരാതി

തിരുവമ്പാടി: തിരുവമ്പാടി പഞ്ചായത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഭാരത് ഗ്യാസ് ഗോഡൗണ്‍ അടച്ചു പൂട്ടുന്നതിനുവേണ്ടി സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസിൽ പരാതി.
കൂടത്തായി ശാന്തിനഗര്‍ പെരുംചിറയില്‍ പുത്തന്‍വീട്ടില്‍ നിഷ സുരേഷാണ് തിരുവമ്പാടി പൊലിസില്‍ പരാതി നല്‍കിയത്. അന്തിമ നിരാക്ഷേപ സാക്ഷ്യപത്രം ലഭിച്ചിട്ടില്ലെന്നും കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റും അനുബന്ധരേഖകളും ഫയലില്‍ ലഭ്യമായിട്ടില്ലെന്നും, വളരെ അപകടകരമായ അവസ്ഥയിലാണ് ഗോഡൗണ്‍ പ്രവര്‍ത്തിക്കുന്നതെന്നും തിരുവമ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി നേരിട്ട് ഹാജരായി അറിയിച്ചിട്ടുള്ളതായി സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന്റെ കോടതിയുടെ ഉത്തരവില്‍ പറയുന്നു.
2019 മുതല്‍ തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെ ലൈസന്‍സ് ഇല്ലാതെയാണ് ഭാരത് ഗ്യാസ് ഗോഡൗണ്‍ പ്രവര്‍ത്തിക്കുന്നത് എന്ന വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. പൊതുജനങ്ങളുടെ സ്വത്തിനും ജീവനും ഗോഡൗണ്‍ ഭീഷണിയാണെന്ന് അറിഞ്ഞിട്ടും പഞ്ചായത്ത് സെക്രട്ടറി ഗോഡൗണിന്റെ കെട്ടിട നമ്പറും ലൈസന്‍സും റദ്ദ് ചെയ്യാന്‍ ഇതുവരെ തയാറായിട്ടില്ലെന്നും പരാതിക്കാരി ചൂണ്ടിക്കാട്ടുന്നു.
തണ്ണീര്‍ത്തടം നികത്തിയാണ് ഗോഡൗണ്‍ നിര്‍മിച്ചത്. വീട് നിര്‍മിക്കാനുള്ള ആവശ്യത്തിനായി വില്ലേജ് ഓഫിസില്‍ നിന്ന് കിട്ടിയ കൈവശ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ഈ ഭൂമിയില്‍ ഗ്യാസ് ഗോഡൗണ്‍ നിര്‍മിക്കുകയായിരുന്നു. ഇവിടെ നിന്ന് മണ്ണ് എടുത്തു നീക്കി പൂര്‍വസ്ഥിതിയിലാക്കാന്‍ ആര്.ഡി.ഒ ഉത്തരവ് നിലനില്‍ക്കെയാണ് ഗ്യാസ് ഗോഡൗണ്‍ പ്രവര്‍ത്തിക്കുന്നതെന്നും പരാതിയില്‍ പറയുന്നു. അതേസമയം പരാതി നല്‍കിയിട്ടും വിഷയത്തില്‍ പൊലിസിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടായിട്ടില്ലെന്ന് പരാതിക്കാരി പറഞ്ഞു.
താമരശേരി ഡി.വൈ.എസ്.പി നേരിട്ട് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും അടിയന്തര പ്രാധാന്യമുള്ള പരാതി ലഭിച്ചിട്ടും ഒരു നടപടിയും സ്വീകരിക്കാത്ത തിരുവമ്പാടി പോലീസിൽ നിന്ന് വിശദീകരണം ആവശ്യപ്പെടണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു.
അതേസമയം ഗോഡൗണിനെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ ഉടമ നിധിന് ജോയി നിഷേധിച്ചു. 12 വര്‍ഷത്തോളമായി ഫയര്‍ ആന്റ് സേഫ്റ്റി, പൊലൂഷന്‍, എക്സ്പ്ലോസിവ്, കമ്പനി ഉള്‍പ്പടെയുള്ള മുഴുവന്‍ രേഖകളും കൃത്യമായി പുതുക്കുന്നുണ്ട്. ക്രൈംബ്രാഞ്ചും സ്പെഷ്യല്‍ ബ്രാഞ്ചും അന്വേഷിച്ചതാണ്. ഇക്കാര്യത്തില്‍ അനധികൃതമായി ഒന്നുമില്ലെന്നും വേറെ എന്തെങ്കിലും വൈരാഗ്യമാകാം പരാതിയ്ക്കു പിന്നിലെന്നും അദ്ദേഹം സുപ്രഭാതം പത്രത്തിന്റെ റിപ്പോർട്ടറോട് പറഞ്ഞു. ഇന്നത്തെ സുപ്രഭാതം പത്രത്തിലാണ് ഈ വാർത്ത ആദ്യം വന്നത്.







