കാണാതായ മലയാളി വിദ്യാർത്ഥിനി യുഎസിലെ ക്യാംപസ് തടാകത്തിൽ മരിച്ചനിലയിൽ; ദുരൂഹത

വാഷിങ്ടൻ: യുഎസിൽ പഠനം നടത്തുന്ന മലയാളി വിദ്യാർത്ഥിനിയുടെ മൃതദേഹം ക്യാംപസിനകത്തെ തടാകത്തിൽ കണ്ടെത്തി. എറണാകുളം സ്വദേശിനിയായ ആൻ റോസ് ജെറി(21) എന്ന വിദ്യാർത്ഥിനിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. വിദ്യാർത്ഥിനിയെ കാണാതായതിനെ തുടർന്ന് അന്വേഷണം പുരോഗമിക്കവെയാണ് മൃതദേഹം കണ്ടെടുത്തത്. യുഎസിലെ ഇൻഡ്യാനയിലെ നോട്ടർഡാം സർവകലാശാലയിലെ വിദ്യാർത്ഥിനിയാണ് ആൻ റോസ്. ചൊവ്വാഴ്ച മുതലാണ് ആൻ റോസ് ജെറിയെ കാണാതായത്. ക്യാംപസ് വളപ്പിലെ സെന്റ് മേരീസ് തടാകത്തിലായിരുന്നു മൃതദേഹം.
സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. പ്രാഥമികാന്വേഷണത്തിൽ മരണത്തിൽ ദുരൂഹതകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് അന്വേഷണ കേന്ദ്രങ്ങൾ അറിയിച്ചു. ആൻ റോസിനെ കഴിഞ്ഞ ചൊവ്വാഴ്ച കാണാതായതിനെത്തുടർന്ന് അന്വേഷണം നടക്കുന്നതിനിടെയാണ് ക്യാംപസിലെ തടാകത്തിൽ വിദ്യാർത്ഥിയുടെ മൃതശരീരം കണ്ടെത്തിയതെന്ന് സർവകലാശാല പ്രസിഡന്റ് റവ. ജോൺ ഐ ജെൻകിൻസാണ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്.
നാഷനൽ മെറിറ്റ് സ്‌കോളർഷിപ്പ് നേടിയിട്ടുള്ള ആൻ റോസ് ഓടക്കുഴൽ വിദഗ്ധയാണ്. എറണാകുളം സ്വദേശികളാണ് മാതാപിതാക്കൾ.







