മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ സന്ദർശനം; മുക്കത്ത് സംഘർഷം

മുക്കം: മുക്കം ടൌൺ നവീകരണം ഒന്നാം ഘട്ടം ഉദ്ഘാടനം നിര്‍വഹിക്കുന്നതിനായി മുക്കത്ത് എത്തിയ ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് മുക്കത്ത് സംഘർഷം.
യൂത്ത് ലീഗ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിക്കുമെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 4 യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും, നഗരസഭാ കൗൺസിലർ ഉൾപ്പെടെയുള്ള 3 യൂത്ത് ലീഗ് പ്രവർത്തകരെയും പോലീസ് കരുതൽ തടങ്കലിൽ എടുത്തിരുന്നു.
ഉദ്ഘാടന ശേഷം വാഹനത്തിൽ കയറാനായി മന്ത്രി എത്തിയപ്പോൾ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സിയാദ് പരാതി നൽകാനുണ്ടെന്ന് കാട്ടി മന്ത്രിയുടെ വാഹനത്തിനടുത്തേക്ക് എത്തുകയും
പോലീസ് തടയുകയും ചെയ്തു. തുടർന്ന് സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർ പരാതി തട്ടിപ്പറിക്കുകയും കീറിക്കളയുകയും സി.പി.എം പ്രവർത്തകർ സിയാദിനെ മർദ്ദിക്കുകയും ചെയ്തു. തുടർന്ന് പോലീസ് ഇടപെട്ട് സിയാദിനെ പോലീസ് വാഹനത്തിൽ മുക്കം സ്റ്റേഷനിലേക്ക് എത്തിക്കുകയായിരുന്നു.
ആരോഗ്യ പരിശോധനയ്ക്കുശേഷം വിട്ടയച്ച സിയാദ് ആശുപത്രിയിൽ ചികിത്സ തേടിയതായാണ് ലഭിക്കുന്ന വിവരം. തന്നെ മർദ്ധിച്ചവർക്കെതിരെ പ്രവർത്തകൻ പോലീസിൽ പരാതി നൽകി. വിഷയവുമായി ബന്ധപ്പെട്ട് യു.ഡി.എഫ് പ്രവർത്തകർ മുക്കത്ത് പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു.







