തോട്ടുമുക്കം മേഖലയിൽ 8 റോഡുകൾ അടച്ചു

മുക്കം ∙ കൊടിയത്തൂർ പഞ്ചായത്തിൽ കണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിച്ച തോട്ടുമുക്കം, പള്ളിത്താഴെ വാർഡുകളുമായി ബന്ധപ്പെട്ട 8 റോഡുകൾ അടച്ചു. തോട്ടുമുക്കം ഭാഗത്ത് ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് 2 വാർഡുകൾ കണ്ടെയ്ൻമെന്റ് സോൺ ആക്കിയത്. മുക്കം നഗരസഭയിലെ ഇരട്ടുക്കുളങ്ങര, വെണ്ണക്കോട് വാർഡുകളും നേരത്തെ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിരുന്നു.
ഓമശ്ശേരി പഞ്ചായത്തിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നഗരസഭയുമായി അതിർത്തി പങ്കിടുന്ന വാർഡുകളെ ഉൾപ്പെടുത്തിയത്. കോവിഡ് വ്യാപനത്തെ തുടർന്ന് മലയോര മേഖലയിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കി. തോട്ടുമുക്കം, പള്ളിത്താഴെ ഭാഗത്ത് രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെ മാത്രമേ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ തുറന്ന് പ്രവർത്തിക്കാവൂ എന്നു പഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി.അബ്ദുല്ല അറിയിച്ചു.
മത്സ്യ വിൽപന നിരോധിച്ചു. ജനപ്രതിനിധികൾ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, ആർആർടിമാർ തുടങ്ങിയവരുടെ യോഗം ചേർന്നു പ്രതിരോധ നടപടികൾ ഊർജിതമാക്കാൻ തീരുമാനിച്ചു. വാഹന പ്രചാരണ ബോധവൽക്കരണവും ആരംഭിച്ചു.
പ്രസിഡന്റ് സി.ടി.സി.അബ്ദുല്ല, മുക്കം എസ്ഐ കെ.സാജിദ്, സ്ഥിരം സമിതി അധ്യക്ഷൻ വി.എ.സണ്ണി, പഞ്ചായത്തംഗം കെ.സി.നാടിക്കുട്ടി, സെക്രട്ടറി സന്തോഷ്, ജെഎച്ച്ഐ പ്രജീഷ് എന്നിവരുടെ നേതൃത്വത്തിൽ യോഗം ചേർന്നു. തോട്ടുമുക്കം പനമ്പിലാവ്, തോട്ടുമുക്കം പാറത്തോട്, ദേവസ്വം കാട് ചുണ്ടത്തുംപൊയിൽ, കുഴിനക്കിപ്പാറ അരീക്കോട്, തോട്ടുമുക്കം മേടരഞ്ഞി തുടങ്ങിയ റോഡുകളാണ് അടച്ചത്.







