എഫ് എച്ച് സി ജംഗ്ഷനിലെ കലുങ്ക് നിർമ്മാണം; നാട്ടുകാർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് മാര്‍ച്ച്

തിരുവമ്പാടി: അഗസ്ത്യൻമുഴി കൈതപ്പൊയിൽ റോഡിൽ തിരുവമ്പാടി എഫ് എച്ച് സി ജംഗ്ഷനിലെ കലുങ്ക് നിർമ്മാണത്തിൽ പ്രതിഷേധവുമായി രംഗത്തിറങ്ങിയ നാട്ടുകാർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് അഞ്ച് പ്രവർത്തകരെ ഉൾകൊള്ളിച്ചാണ് മാർച്ച് നടത്തിയത്.
കലുങ്ക് നിർമ്മാണം പൂർത്തീകരിക്കുന്നതുവരെ ജനങ്ങൾക്കൊപ്പം നിൽക്കുമെന്നും നിർമാണവുമായി ബന്ധപ്പെട്ട് എം എൽ എയും കരാറുകാരും കാണിക്കുന്ന അനാസ്ഥ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് മാര്‍ച്ച് നടത്തിയത്. പ്രതിഷേധങ്ങൾ ഉയരുന്ന സാഹചര്യത്തിലും ഇതുവരെയും കലുങ്ക് നിർമാണത്തെ സംബന്ധിച്ച് അന്തിമ തീരുമാനം അധികൃതർ അറിയിച്ചിട്ടില്ല.
റോഡ് പൂർണമായും അടച്ച ശേഷം മാത്രമേ നിർമാണം നടത്താൻ സാധിക്കു എന്ന കരാറുകാരന്റെ നിർബന്ധിത താത്പര്യത്തിനെതിരെയാണ് സ്ത്രീകളടക്കമുള്ള നാട്ടുകാർ രംഗത്തിറങ്ങിയത്.






