Kerala

കോവിഡ് നിയന്ത്രണം: തിരുവനന്തപുരത്ത് നിരോധനാജ്ഞ നവംബർ 15 വരെ നീട്ടി;

തിരുവനന്തപുരം: കോവിഡ് വ്യാപിക്കുന്നത് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സി. ആർ. പി. സി 144 പ്രകാരം ജില്ലയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നവംബർ 15 അർധരാത്രി വരെ നീട്ടിയതായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു.

ഒക്ടോബർ രണ്ടിന് അർധരാത്രി മുതൽ 31ന് അർധരാതി വരെയാണ് തുടക്കത്തിൽ നിരോധനാജ്ഞ പ്രകാരമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്. ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ വലിയ രീതിയിൽ രോഗവ്യാപനം നടക്കുന്ന സാഹചര്യം ജില്ലയിൽ ഒഴിവായിട്ടുണ്ടെന്ന് കളക്ടർ പറഞ്ഞു.

ജില്ലയിൽ ഇതുവരെ ആകെ 57,939 പേർക്ക് കോവിഡ് ബാധ സ്ഥിരീകരിചിട്ടുണ്ട്. ഇതിൽ 8,547 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള കോവിഡ് പ്രോട്ടോക്കോളുകൾ ശക്തമായി തുടർന്നാൽ രോഗികളുടെ എണ്ണം ഇനിയും കുറയ്ക്കാനാകും. ഇതു മുൻനിർത്തിയാണ് സി.ആർ.പി.സി. 144 പ്രകാരം ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ 15 ദിവസത്തേക്കു കൂടി ദീർഘിപ്പിക്കുന്നതെന്നും കളക്ടർ പറഞ്ഞു.

  • ഉത്തരവ് പ്രകാരം അഞ്ച് പേരിൽ കൂടുതൽ സ്വമേധയാ കൂട്ടം കൂടുന്നത് നിരോധിച്ചു.
  • കണ്ടെയ്ൻമെന്റ് സോണുകളിൽ വിവാഹം, ശവസംസ്കാര ചടങ്ങുകൾ എന്നിവയിൽ 20 പേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ല.
  • സോണുകളില്‍ പലചരക്ക്, മരുന്ന്, പാല്‍, പച്ചക്കറി, മാംസം, മത്സ്യം എന്നിവയുടെ വിതരണവും റവന്യു, ആരോഗ്യം, പോലീസ്, തദ്ദേശസ്വയംഭരണം, വൈദ്യുതി, ശുചീകരണം, ജലവിതരണം എന്നീ അവശ്യ സര്‍വീസുകളും അനുവദിക്കും.
  • അടിയന്തര മെഡിക്കല്‍ സേവനങ്ങള്‍, അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കല്‍ എന്നിവയ്‌ക്കൊഴികെ ആളുകള്‍ കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും പുറത്തേക്കു പോകുന്നത് കര്‍ശനമായി നിയന്ത്രിക്കും. ഇതിനാവശ്യമായ നിയന്ത്രണ സംവിധാനങ്ങള്‍ പോലീസ് ഏര്‍പ്പെടുത്തണം.
  • കണ്ടെയിന്‍മെന്റ് സോണിന് പുറത്ത് അഞ്ച് പേരില്‍ കൂടുതലുള്ള പൊതു പരിപാടികളോ കൂട്ടം ചേരലുകളോ അനുവദിക്കില്ല.
  • സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, വിദ്യാഭ്യാസ, മത ചടങ്ങുകള്‍ എന്നിവയ്ക്കുള്ള ഇന്‍ഡോര്‍ പരിപാടികളില്‍ പരമാവധി 20 പേരെവരെ പങ്കെടുപ്പിക്കാം.
  • പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്കും ശവസംസ്‌കാര ചടങ്ങുകള്‍ക്കും ഈ നിയന്ത്രണം ബാധകമായിരിക്കും.
  • കണ്ടെയിന്‍മെന്റ് സോണിന് പുറത്ത് പരമാവധി 50 പേരെ പങ്കെടുപ്പിച്ച് വിവാഹ ചടങ്ങുകള്‍ നടത്താം. എന്നാല്‍ പങ്കെടുക്കുന്ന എല്ലാവരും സാമൂഹിക അകലം അടക്കമുള്ള കോവിഡ് പ്രോട്ടോക്കോള്‍ നിര്‍ബന്ധമായും പാലിക്കണം.
  • കണ്ടെയിന്‍മെന്റ് സോണ്‍ അല്ലാത്ത ഇടങ്ങളില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അനുവദിച്ചിട്ടുള്ള ഇളവുകള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചും പങ്കെടുക്കുന്ന ആളുകളുടെ എണ്ണം നിയന്ത്രിച്ചും മാത്രമേ അനുവദിക്കൂ.
  • പൊതുഗതാഗതം, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വാണിജ്യ-വ്യവസായ സ്ഥാപനങ്ങള്‍, ആശുപത്രികള്‍ എന്നിവ സാമൂഹിക അകലം, ബ്രേക്ക് ദ ചെയിന്‍ പ്രോട്ടോക്കോളുകള്‍ പാലിച്ച് പ്രവര്‍ത്തിക്കാം.
  • ഒക്ടോബര്‍ രണ്ടിനു മുന്‍പ് പ്രഖ്യാപിച്ച പൊതു പരീക്ഷകള്‍ മുന്‍നിശ്ചയിച്ചതനുസരിച്ച് നടത്താം. എന്നാല്‍ കോവിഡ് പ്രോട്ടോക്കോള്‍ ശക്തമായും പാലിക്കണം. ഇനി പ്രഖ്യാപിക്കാനുള്ള പരീക്ഷകള്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ അനുമതിയോടെ മാത്രമേ ക്രമീകരിക്കാവൂ.
  • എല്ലാ ബാങ്കുകളും കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് പ്രവര്‍ത്തിക്കണം. ബാങ്കുകള്‍, കടകള്‍, മറ്റു വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയ്ക്കു മുന്‍പില്‍ ഒരേസമയം അഞ്ചുപേരില്‍ കൂടുതല്‍ അനുവദിക്കില്ല.
  • അനാവശ്യമായി ആളുകള്‍ പുറത്തിറങ്ങരുത്.
  • കഴിയുന്നതും വീടുകളില്‍ത്തന്നെ കഴിയണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

പുതിയ മൈക്രോ കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

മലയിന്‍കീഴ് ഗ്രാമപഞ്ചായത്തിലെ അരുവിപ്പാറ, കൂതക്കോട് പ്രദേശം, കാരോട് ഗ്രാമപഞ്ചായത്തിലെ വടൂര്‍കോണം, പഴയ ഉച്ചക്കട എന്നീ പ്രദേശങ്ങളെ മൈക്രോ കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളില്‍ ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തും. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ മൈക്രാ കണ്ടെയ്ന്‍മെന്റ് സോണുകളിലേക്കും പുറത്തേക്കും ആരെയും കടത്തിവിടില്ല. കണ്ടെയ്ന്‍മെന്റ് സോണിനുള്ളില്‍ അവശ്യ സേവനങ്ങള്‍ മാത്രമേ അനുവദിക്കൂ. ഈ പ്രദേശങ്ങളോടു ചേര്‍ന്നുള്ള മേഖലകളിലുള്ളവര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും കളക്ടര്‍ പറഞ്ഞു.

കണ്ടെയിന്‍മെന്റ് സോണ്‍ പിന്‍വലിച്ചു

  • തിരുവനന്തപുരം കോര്‍പ്പറേഷനു കീഴിലെ ഇടവക്കോട്, കിനാവൂര്‍, കേശവദാസപുരം, നന്ദന്‍കോട്, പാങ്ങോട്, തിരുമലാട് മുല്ലൂര്‍, വെള്ളാര്‍, ശംഖുമുഖം, ആറ്റിപ്ര, പൗണ്ടുകടവ്,
  • ആറ്റിങ്ങല്‍ മുന്‍സിപ്പാലിറ്റിയിലെ ചെറുവള്ളിമുക്ക്,
  • നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റിയിലെ അലംപൊറ്റ, തവരവിള, ചുണ്ടവിള, ടൗണ്‍, വഴിമുക്ക്,
  • വര്‍ക്കല മുന്‍സിപ്പാലിറ്റിയിലെ കല്ലാഴി,
  • പാറശ്ശാല ഗ്രാമപഞ്ചായത്തിലെ പുല്ലൂര്‍കോണം, ഇടിച്ചക്കപ്ലാമൂട്, വണ്ണിയക്കോട്, ചെറുവാരക്കോണം, മുറിയത്തോട്ടം, കീഴത്തോട്ടം,
  • കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ കുളത്തുമ്മല്‍, ചെട്ടിക്കോണം,
  • അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ കപലീശ്വരം, മുടിപ്പുര, പുത്തന്‍നട, വലിയപള്ളി,
  • കരവാരം ഗ്രാമപഞ്ചായത്തിലെ കൊണ്ണൂരി,
  • കിഴുവിലം ഗ്രാമപഞ്ചായത്തിലെ മാമംനട,
  • അതിയന്നൂര്‍ ഗ്രാമപഞ്ചായത്തിലെ മരിയപുരം,
  • ബാലരാമപുരം ഗ്രാമപഞ്ചായത്തിലെ തലയല്‍, പുള്ളിയില്‍, പനയറക്കുന്ന്, ഇടമനക്കുഴി, ചാമവിള, മണലി, ഓഫീസ് വാര്‍ഡ്,
  • കഠിനംകുളം ഗ്രാമപഞ്ചായത്തിലെ ചേരമണ്‍തുരുത്ത്, വിളയില്‍ക്കുളം,
  • കാരോട് ഗ്രാമപഞ്ചായത്തിലെ അയിര, പുതുപുറയ്ക്കല്‍, ചെങ്കവിള, അമ്പിളിക്കോണം, കാന്തല്ലൂര്‍, കുഴിഞ്ഞാന്‍വിള, അമ്പനവിള, പുതിയ ഉച്ചക്കട, ചാരോട്ടുകോണം,
  • കോട്ടുകല്‍ ഗ്രാമപഞ്ചായത്തിലെ മണ്ണാക്കല്ല്, പുന്നക്കുളം, ഓഫീസ് വാര്‍ഡ്,
  • ചെങ്കല്‍ ഗ്രാമപഞ്ചായത്തിലെ മരിയപുരം (കരിക്കിന്‍വിള, മരിയപുരം പ്രദേശങ്ങള്‍ ഒഴികെ),
  • കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്തിലെ കൈവന്‍വിള (കുഴിപ്പാലം ഒഴികെ), ഓട്ടറ (പള്ളിക്കര, മരപ്പാലം റോഡ് പ്രദേശങ്ങള്‍ ഒഴികെ),
  • കുളത്തൂര്‍ ഗ്രാമപഞ്ചായത്തിലെ വെണ്‍കടമ്പ്,
  • ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ തോക്കാട്,
  • ഒറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ ഞെക്കാട് എന്നീ പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

Related Articles

Leave a Reply

Back to top button