Sports

അടുത്ത സീസണിലും താന്‍ ഐപിഎല്ലില്‍ ഉണ്ടാകുമെന്ന് വ്യക്തമാക്കി ധോണി

ദുബായ്: അടുത്ത വര്‍ഷത്തെ ഐ‌പി‌എല്‍ മത്സരങ്ങളിലും ചെന്നൈയ്ക്ക് വേണ്ടി കളിക്കുമെന്ന് ധോണി. ഞായറാഴ്ച ഈ സീസണിലെ ചെന്നൈയുടെ അവസാന മത്സരത്തിന്റെ ടോസിങ്ങിനിടെയാണ് താന്‍ അടുത്ത സീസണിലും ഐപിഎല്ലിലുണ്ടാവുമെന്ന് ധോണി വ്യക്തമാക്കിയത്. അദ്ദേഹത്തിന്റെ ഈ വെളിപ്പെടുത്തല്‍സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ അടക്കമുള്ളവരെ ആവേശത്തിലാക്കിയിരിക്കുകയാണ്.

“ഇത് മഞ്ഞ ജഴ്സിയിലെ നിങ്ങളുടെ അവസാന കളിയാകുമോ?” എന്ന കമന്റേറ്റര്‍ ഡാനി മോറിസന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം.

“തീര്‍ച്ചയായും അല്ല,” എന്ന് ധോണി ഉടനെ മറുപടി പറഞ്ഞു. 

ഈ വര്‍ഷം ഓഗസ്റ്റ് 15 ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ധോണി ഐപിഎല്ലില്‍ കുറഞ്ഞത് രണ്ട് സീസണെങ്കിലും കളിക്കുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു.

ഐപിഎല്‍ പോയിന്റ് പട്ടികയില്‍ ഏറ്റവും പിറകിലാണ് ഇത്തവണ സി എസ് കെ. ഈ വര്‍ഷം എക്കാലത്തെയും മോശമായ സീസണാണ് സി‌എസ്‌കെ-ക്ക് ലഭിച്ചത്. ഐപിഎല്ലിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ചെന്നൈ പ്ലേഓഫ് കാണാതെ പുറത്താവുന്നത്. മൂന്ന് തവണ ചാമ്പ്യന്മാരായ, വര്‍ഷങ്ങളായി തങ്ങളുടെ സ്ഥിരത കാത്തുസൂക്ഷിച്ചിരുന്ന ടീം പക്ഷേ ഇത്തവണ പ്ലേ ഓഫ് കാണാതെ പുറത്താവുകയും ചെയ്തു. 

അതേസമയം ഞായറാഴ്ച നടന്ന സീസണിലെ തങ്ങളുടെ അവസാന മത്സരത്തില്‍ ചെന്നൈ കിങ്സ് ഇലവന്‍ പഞ്ചാബിനെ ഒമ്പത് വിക്കറ്റിന് തോല്‍പിച്ചു. ഇതോടെ ചെന്നൈയ്ക്ക് പിറകേ കിങ്സ് ഇലവന്‍ പഞ്ചാബും ഐപിഎല്‍ പ്ലേ ഓഫ് കാണാതെ പുറത്തായി. ബാറ്റ്സ്മാന്മാര്‍ക്ക് പിന്നാലെ ബോളര്‍മാരും ചെന്നൈക്ക് മുന്നില്‍ അടിപതറിയതോടെ പഞ്ചാബിന്റെ പ്ലേ ഓഫ് മോഹങ്ങള്‍ അവസാനിക്കുകയായിരുന്നു. പഞ്ചാബ് ഉയര്‍ത്തിയ 154 റണ്‍സ് വിജയലക്ഷ്യം ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ചെന്നൈ മറികടന്നത്.

അടുത്ത വര്‍ഷം ഐ‌പി‌എല്‍ മുന്‍ വര്‍ഷങ്ങളിലേതിന് സമാനമായ ഏപ്രില്‍-മെയ് മാസങ്ങളിലായി‌ നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും ലോകമെമ്പാടുമുള്ള കോവിഡ്-19 സാഹചര്യം കാരണം തീയതികള്‍‌ മാറിയേക്കാം.

Related Articles

Leave a Reply

Back to top button