Thiruvambady

കോവിഡാനന്തരം വൈകിയ അധ്യയന വർഷത്തെ മണ്ണിലേക്കിറങ്ങി വരവേറ്റ് മൂന്ന് വിദ്യാർഥികൾ

തിരുവമ്പാടി: പത്താം ക്ലാസ് കഴിഞ്ഞ് പ്ലസ് വൺ ക്ലാസ്സുകൾ തുടങ്ങാനുള്ള നീണ്ട കാത്തിരിപ്പിനടയിൽ മൊബൈലിലെ വിർച്ച്വൽ ലോകത്ത് നിന്നും മാറി കൃഷിയിടത്തിലിറങ്ങി മണ്ണിലെ യഥാർത്ഥ ലോകത്തെ നേരിട്ടറിയാൻ മൂന്ന് സഹപാഠികൾക്ക് ഒരാഗ്രഹം. ആഗ്രഹം തീരുമാനമായി മാറാൻ അധികസമയം വേണ്ടിവന്നില്ല. സ്വന്തമായി ഒരു കുളം കുഴിച്ച് മത്സ്യക്കൃഷി ചെയ്യുക എന്ന ആശയമാണ് ജെറോം എമ്മാനുവൽ അജു, അഞ്ചൽ ജോബി, ഹില്ലാരിയോസ് ലിബി സെബാസ്റ്റ്യൻ എന്നീ മൂവർ സംഘത്തിന്റെ മനസ്സിൽ തെളിഞ്ഞത്. ഹില്ലാരിയോസിന്റെ പിതാവ് ലിബിക്ക് മകൻ മണ്ണിലിറങ്ങുന്നു എന്ന് കേട്ടതേ വലിയ സന്തോഷം. തന്റെ പുരയിടത്തിൽ വീടിനടുത്തുള്ള സ്ഥലം തന്നെ കുളം നിർമ്മിക്കാനായി വിട്ടുകൊടുത്തു.

അങ്ങനെ ലിബിയുടെ പുരയിടത്തിൽ നാലര മീറ്റർ നീളവും മൂന്ന് മീറ്റർ വീതിയും ഒന്നര മീറ്റർ ആഴവുമുള്ള ഒരു കുളം മൂന്ന് പതിനൊന്നാം ക്ലാസ്സുകാരും ചേർന്ന് പതിനൊന്ന് ദിവസം കൊണ്ട് കുഴിച്ചെടുത്തു ; മൂന്ന് പേരും ആദ്യമായി തൂമ്പയും കമ്പിയും പിക്കാക്സും ഉപയോഗിച്ചവർ.

സ്വന്തമായി സ്വരുക്കൂട്ടി വച്ചിരുന്ന പോക്കറ്റ് മണിയും ജെറോമിന്റെ പറമ്പിലെ തേങ്ങ പെറുക്കി കൂട്ടി ചുമക്കുന്ന ജോലി കരാർ എടുത്ത് ചെയ്തു കിട്ടിയ തുകയും ചേർത്ത് കുളത്തിൽ ഇടാനുള്ള പടുതയും മറ്റ് ഉപകരണങ്ങളും ഒടുവിൽ ഗിഫ്റ്റ് തിലോപ്പി ഇനത്തിൽപ്പെട്ട ‘ ചിത്രലട’ മത്സ്യക്കുഞ്ഞുങ്ങളെയും വാങ്ങി . വാട്ടർ ഫിൽട്ടർ വാങ്ങാൻ പണം തികയാത്തതിനാൽ ഒരെണ്ണം മൂവരും ചേർന്ന് സ്വന്തമായി നിർമ്മിക്കാനും തീരുമാനിച്ചു.

മൂവർ സംഘത്തിന്റെ പടുതാക്കുളത്തിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന ചടങ്ങ് 25/11/2020 ബുധനാഴ്ച രാവിലെ പത്ത് മണിക്ക് ഇവർ പഠിക്കുന്ന പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ ആന്റണി കെ.ജെ. നിർവ്വഹിച്ചു. സ്കൂളിലെ അദ്ധ്യാപകനും നാഷണൽ സർവീസ് സ്കീം (NSS) പ്രോഗ്രാം ഓഫീസറുമായ വിനോദ് വെട്ടത്ത്, മൂന്ന് പേരുടെയും മാതാപിതാക്കൾ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

Related Articles

Leave a Reply

Back to top button