Kerala

വീടുകളില്‍ സോളാര്‍ പ്ലാന്റുകള്‍: 50 മെഗാവാട്ടിന് പുറമേ 200 മെഗാവാട്ടിന്റെ പദ്ധതി കൂടി അനുവദിച്ച് കേന്ദ്രം

തിരുവനന്തപുരം: വീടുകളില്‍ സോളാര്‍ വൈദ്യുത പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനുള്ള 200 മെഗാവാട്ടിന്റെ പദ്ധതി കൂടി കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് അനുവദിച്ചു. നേരത്തെ അനുവദിച്ച 50 മെഗാവാട്ടിന് പുറമേയാണിത്. ഇതനുസരിച്ച്‌ ഒരു ലക്ഷത്തോളം ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് സബ്‌സിഡിയോടെ സോളര്‍ പ്ലാന്റുകള്‍ സ്ഥാപിക്കാം.

മൂന്നു കിലോവാട്ട് വരെയുള്ള പ്ലാന്റിന് 40ശതമാനവും അതിനു മുകളില്‍ 10 കിലോവാട്ട് വരെ 20 ശതമാനവും കേന്ദ്ര സബ്‌സിഡി ലഭിക്കും. ഗാര്‍ഹിക ഉപയോക്താക്കള്‍ക്കു താല്‍പര്യമുണ്ടെങ്കില്‍ പദ്ധതിയുടെ 25% തുക വരെ വൈദ്യുതി ബോര്‍ഡ് ചെലവഴിക്കും. ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിയുടെ നിശ്ചിത ശതമാനം ബോര്‍ഡിനു നല്‍കണം. മുഴുവന്‍ ചെലവും വഹിക്കുന്ന ഉപയോക്താക്കള്‍ക്കു മുഴുവന്‍ വൈദ്യുതിയും എടുക്കാം.

കേരളത്തിനു പുറമേ കര്‍ണാടക, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങള്‍ക്കു മാത്രമാണു കേന്ദ്രം 100 മെഗാവാട്ടില്‍ കൂടുതല്‍ പുരപ്പുറ സോളര്‍ പദ്ധതി അനുവദിച്ചത്. കേരളം ആവശ്യപ്പെട്ട 200 മെഗാവാട്ടും കേന്ദ്രം അംഗീകരിച്ചു. മുന്‍പ് അനുവദിച്ച 50 മെഗാവാട്ട് പുരപ്പുറ സോളര്‍ പദ്ധതിയുടെ റജിസ്‌ട്രേഷന്‍ വൈദ്യുതി ബോര്‍ഡിന്റെ വെബ്‌സൈറ്റില്‍ നടക്കുകയാണ്. 200 മെഗാവാട്ട് കൂടി ലഭിച്ച സാഹചര്യത്തില്‍ താല്‍പര്യമുള്ള എല്ലാ ഉപയോക്താക്കള്‍ക്കും രജിസ്റ്റര്‍ ചെയ്യാം. മൂന്നു കിലോവാട്ടിന്റെ നിലയം സ്ഥാപിച്ചാല്‍ മാസം 350 യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാം. മൂന്ന് കിലോവാട്ടിന്റെ പ്ലാന്റിന് ഒന്നര ലക്ഷത്തോളം രൂപ ചെലവ് വരും. ഇതിന്റെ 40% കേന്ദ്ര സര്‍ക്കാര്‍ നല്‍കും.

പദ്ധതി നടപ്പാക്കുന്നതിന് യോഗ്യതയുള്ള കമ്പനികളെ വൈദ്യുതി ബോര്‍ഡ് ടെന്‍ഡര്‍ വിളിച്ചാണ് തിരഞ്ഞെടുക്കുക. യോഗ്യതയുള്ളവരുടെ പാനല്‍ പ്രസിദ്ധീകരിക്കും. അതില്‍ നിന്ന് ഉപയോക്താക്കള്‍ക്ക് താല്‍പര്യമുള്ളവരെ തിരഞ്ഞെടുത്ത് പ്ലാന്റ് സ്ഥാപിക്കാം.

Related Articles

Leave a Reply

Back to top button