Kerala

സംസ്ഥാനത്ത് 38,586 പേർക്ക് ഇരട്ട വോട്ടുകൾ, വോട്ടര്‍പട്ടികയില്‍ ഇനി മാറ്റം സാധ്യമല്ലന്ന് തിരെഞ്ഞെടുപ്പ് കമ്മീഷന്‍

കൊച്ചി: സംസ്ഥാനത്ത് 38,586 പേർക്ക് ഇരട്ടവോട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയിൽ വ്യക്തമാക്കി. പട്ടികയിൽ ഇവരുടെ പേര് പ്രത്യേകം അടയാളപ്പെടുത്തും. ഇരട്ടവോട്ടുള്ള വ്യക്തിയെ കയ്യിലെ മഷി ഉണങ്ങിയതിനു ശേഷം മാത്രമേ ബൂത്തിന് പുറത്തിറങ്ങാൻ സമ്മതിക്കുകയുള്ളൂവെന്നും കമ്മീഷൻ കോടതിയിൽ വ്യക്തമാക്കി. ഒരേ പേരും ഒരേ മേൽവിലാസവുമുള്ളവർ നിരവധി ഉണ്ടാവുമെന്നും എന്നാൽ ഇവരെല്ലാം ഇരട്ടവോട്ടുള്ളവരല്ലെന്നും കമ്മീഷൻ വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ വിശദീകരണം നൽകിയത്. ഹർജിയിൽ നാളെ കോടതി വിധി പറയും.

3,16,671 ഇരട്ടവോട്ടുകൾ ഉണ്ടെന്നായിരുന്നു രാഷ്ട്രീയ പാർട്ടികൾ ചൂണ്ടിക്കാട്ടിയിരുന്നതെന്നും കമ്മീഷൻ കോടതിയെ അറിയിച്ചു. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായ കണക്കാണ് കമ്മീഷൻ രേഖമൂലം ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. ഒരേ പേരും ഒരേ രക്ഷകർത്താക്കളുടെ പേരുമുള്ള നിരവധി പേർ സംസ്ഥാനത്തെ വോട്ടർപട്ടികയിലുണ്ടാവും. അതിനാൽ ഒരു സോഫ്റ്റ്വെയറിന്റെ സഹായത്തോടെ പരിശോധിച്ചാൽ നിരവധി ഇരട്ടവോട്ടുകൾ കാണാനാവും. അതേസമയം യഥാർഥ പരിശോധനയിലേക്ക് കടന്നാൽ ഈ കണക്കുകൾ കുത്തനെ ഇടിയുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. മണ്ഡലം മാറി ഇരട്ടവോട്ടുള്ളത് മൂന്ന് പേർക്ക് മാത്രമാണെന്നും കമ്മീഷൻ വ്യക്തമാക്കി.

ഇരട്ടവോട്ടുണ്ടെന്ന് കണ്ടെത്തിയ 38,586 പേരുടേയും വീട്ടിലേക്ക് ബിഎൽഒമാർ നേരിട്ടെത്തും. വിവരങ്ങൾ ശേഖരിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ പോളിങ്ങിനുപയോഗിക്കുന്ന വോട്ടർപട്ടികയിൽ ഇത് രേഖപ്പെടുത്തി ഉദ്യോഗസ്ഥർക്ക് കൈമാറും. ഈ വോട്ടർ പോളിങ് ബൂത്തിൽ വോട്ട് രേഖപ്പെടുത്താൻ എത്തുമ്പോൾ പോളിങ് ഓഫീസർ ഇയാളെ പരിശോധിക്കും. വോട്ടറിൽ നിന്ന് ഒരു സത്യവാങ്മൂലം വാങ്ങിയതിനു ശേഷം മാത്രമാവും ഇയാളം വോട്ട് രേഖപ്പെടുത്താൻ അനുവദിക്കുക. വോട്ടറുടെ ഫോട്ടോ എടുക്കും, ശേഷം കൈയിൽ മഷി പുരട്ടി അത് ഉണങ്ങിയതിനു ശേഷം മാത്രമാവും പോളിങ് ബൂത്തിൽ നിന്ന് പുറത്തേക്ക് പോകാൻ അനുവദിക്കുകയെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പിന്റെ സംശുദ്ധി കാക്കാൻ കമ്മീഷന് ബാധ്യതയുണ്ട്. നിഷ്പക്ഷമായി തിരഞ്ഞെടുപ്പ് നടത്തുമെന്നും കമ്മീഷൻ കോടതിയിൽ വ്യക്തമാക്കി. ഹർജിയിൽ ഗൗരവമായ നിയമ ഇടപെടലുകൾ നടത്താൻ കോടതിക്ക് കഴിയില്ലെന്ന് നിലപാടാണ് തിരഞ്ഞെടുപ്പ് കമ്മീഷനുള്ളത്. പെരുമാറ്റച്ചട്ടവും വിജ്ഞാപനവും പ്രാബല്യത്തിൽ വന്നുകഴിഞ്ഞു. അതിനാൽ ഇപ്പോൾ പുറത്തുവന്ന വോട്ടർപ്പട്ടികയിൽ കാര്യമായ മാറ്റം വരുത്താൻ കോടതിക്ക് സാധിക്കില്ല. സുതാര്യമായി തിരഞ്ഞെടുപ്പ് നടത്താനായി കമ്മീഷൻ സ്വീകരിച്ചിരിക്കുന്ന നടപടികളിൽ പോരായ്മ ഉണ്ടെങ്കിൽ അതിനുളള നിർദേശങ്ങളാവും കോടതി നൽകുക എന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles

Leave a Reply

Back to top button