വിധിയെഴുതി കേരളം; സംസ്ഥാനത്ത് മികച്ച പോളിംഗ്; കൂടുതൽ കോഴിക്കോട്, കുറവ് പത്തനംതിട്ട; മഞ്ചേശ്വരത്ത് റെക്കോർഡ് പോളിംഗ്

സംസ്ഥാനത്ത് വോട്ടെടുപ്പ് അവസാനിച്ചപ്പോൾ മികച്ച പോളിംഗ് രേഖപ്പെടുത്തി. 140 നിയമസഭാ നിയോജക മണ്ഡലങ്ങളിലായി 2,74,46,039 വോട്ടര്‍മാരാണ് ഇത്തവണ ജനവിധിയെഴുതുന്നത്.പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ബൂത്തുകളില്‍ വോട്ടിങ് നടന്നത്.
വൈകിട്ട് 6.55 വരെയുള്ള കണക്കുകൾ പ്രകാരം 73.58 % പോളിംഗാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. പുരുഷൻമാർ – 73.69% ശതമാനവും സ്ത്രീകൾ – 73.48% ശതമാനവും ട്രാൻസ് ജെൻഡർ- 37.37% ശതമാനവും വോട്ട് രേഖപ്പെടുത്തി. വടക്കൻ ജില്ലകളിലാണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്.
സംസ്ഥാനത്ത് ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയത് കോഴിക്കോടാണ്. ഇവിടെ 77.95 ശതമാനമാണ് പോളിംഗ്. കുറഞ്ഞ പോളിംഗ് പത്തനംതിട്ടയിലാണ്. ഇവിടെ 66.94 ശതമാനമാണ്. റെക്കോർഡ് പോളിംഗ് രേഖപ്പെടുത്തിയത് മഞ്ചേശ്വരത്താണ്.
രാഷ്ട്രീയ ചർച്ചകളിൽ നിറഞ്ഞു നിൽക്കുന്നതും കേരളം ഉറ്റു നോക്കുന്നതുമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലമാണ് മഞ്ചേശ്വരം. ഇവിടെ 76.61 ശതമാനമാണ് പോളിംഗ്. എന്നാൽ 2016ൽ 76.31 ആയിരുന്നു. റെക്കോർഡ് പോളിംഗ് ആർക്ക് അനുകൂലമാകുമെന്ന ചർച്ചയും ഇതിനകം ഉയർന്നു കഴിഞ്ഞു.
അന്തിമ കണക്കുകൾ വരുമ്പോൾ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലേതിന് സമാനമായ കണക്കിലേക്ക് പോളിംഗ് ശതമാനം ഉയരും എന്നാണ് പൊതുവേയുള്ള പ്രതീക്ഷ. വയനാട്, കാസർഗോഡ് അടക്കമുള്ള ജില്ലകളിൽ ഇരുമുന്നണികളും പ്രതീക്ഷിച്ച പോലെ നിലവിൽ പോളിംഗ് നടന്നിട്ടില്ല.
എന്നാൽ ഏഴ് മണി കഴിഞ്ഞും ക്യൂവിൽ നിൽക്കുന്നവർക്ക് ടോക്കൺ നൽകിയിട്ടുണ്ട്. ഇവരുടെ വോട്ടിംഗ് തീരുമ്പോൾ രാത്രിയോടെ പോളിംഗ് ഉയരും എന്നാണ് പ്രതീക്ഷിക്കുന്നത്.







