Kerala

വാഹനത്തിന്റെ പുകയ്ക്ക് വലിയ വില കൊടുക്കേണ്ടി വരും; പിഴ 10,000 രൂപ വരെ നീളാം

വാഹനങ്ങളിൽനിന്നുള്ള അന്തരീക്ഷ മലിനീകരണത്തിന് തടയിടാൻ ഹരിത ബോധവത്കരണവുമായി മോട്ടോർ വാഹന വകുപ്പ്. വാഹനത്തിൽ പുക പരിശോധന സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ 2000 രൂപ പിഴയീടാക്കാനാണ് തീരുമാനം. വീണ്ടും ആവർത്തിച്ചാൽ 10,000 രൂപ പിഴയടയ്ക്കേണ്ടി വരും. ഇതിനൊപ്പം മൂന്നുമാസംവരെ ലൈസൻസിന് അയോഗ്യതയും വരാം.

പരിശോധനയിൽ സർട്ടിഫിക്കറ്റ് ഇല്ലാത്തപക്ഷം ഏഴു ദിവസത്തിനകം സർട്ടിഫിക്കറ്റ് ഹാജരാക്കാൻ നിർദേശിക്കുമായിരുന്നു. ഇനി മുതൽ ഈ ഇളവുകൾ ഉണ്ടാകില്ലെന്നാണ് അധികൃതർ അറിയിക്കുന്നത്. സംസ്ഥാനത്തെ വായു മലിനീകരണം വർധിക്കുന്ന സാഹചര്യത്തിൽ ദേശീയ ഹരിത ട്രിബ്യൂണൽ സർക്കാരിനു നൽകിയ നിർദേശത്തെ തുടർന്നാണ് നടപടി.

പുക പരിശോധന കേന്ദ്രങ്ങൾ ഓൺലൈനാക്കുന്നതും ഇ-സർട്ടിഫിക്കറ്റുകളിലേക്ക് മാറ്റുന്നതുമായ നടപടികൾ പുരോഗമിക്കുകയാണ്. വാഹന പുക പരിശോധന വിവരങ്ങളും മോട്ടോർ വാഹന വകുപ്പിന് ഓൺലൈനിൽ ലഭ്യമാക്കുന്ന തരത്തിലാകും പ്രവർത്തനം. സർക്കാർ അംഗീകരിച്ച കേന്ദ്രങ്ങളിൽ പരിശോധിച്ച പുകസർട്ടിഫിക്കറ്റ് ഉണ്ടാകണമെന്നാണ് ഇപ്പോൾ നിർദേശം.

ഉയർന്നതോതിൽ അന്തരീക്ഷമലിനീകരണമുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരേ കർശന നിയമനടപടികൾ സ്വീകരിക്കണമെന്നാണ് ട്രൈബ്യൂണൽ നിർദേശിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഓപ്പറേഷൻ ഹരിത ബോധവത്കരണം എന്നപേരിലാണ് മോട്ടോർവാഹനവകുപ്പ് ഏപ്രിൽ മുപ്പതുവരെ തുടരുന്ന കർശനപരിശോധന ആരംഭിച്ചത്.

Related Articles

Leave a Reply

Back to top button