സിഗരറ്റിൽ ലഹരി മരുന്ന് നൽകി മൂന്നു വർഷത്തോളമായി വിദ്യാർഥിനിയെ പീഡിപ്പിച്ച 19 കാരൻ അറസ്റ്റിൽ; ചെറുവാടി സി.ടി അഷ്റഫ് നെയാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്

.
മുക്കം : സിഗരറ്റിൽ ലഹരി മരുന്ന് നൽകി വിദ്യാർഥിനിയെ മൂന്നുവർഷത്തോളം ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പോക്സോ നിയമപ്രകാരം മുക്കം പൊലിസ് അറസ്റ്റ് ചെയ്തു.
കൊടിയത്തൂർ പഞ്ചായത്തിലെ ചെറുവാടി സി.ടി അഷ്റഫ് നെയാണ് ഇയാളുടെ വീട്ടിലെത്തി പൊലിസ് കസ്റ്റഡിയിലെടുത്തത്. അഷ്റഫ് ഓട്ടോമൊബൈൽ വിദ്യാർഥിയാണ്. കാലിക്കറ്റ് എൻ.ഐ.ടി പരിസരത്തെ വിദ്യാലയത്തിൽ പഠിക്കുന്ന പ്ലസ് ടു വിദ്യാർഥിനിയെയാണ് ഇയാൾ പീഡിപ്പിച്ചത്.

സ്കൂളിന്റെ ബാത്റൂമിൽ വച്ച് ആരോ പുകവലിക്കുന്നതായി സംശയം തോന്നിയ വിദ്യാർഥികൾ അധ്യാപകരെ അറിയിക്കുകയും അധ്യാപകരെത്തി പരിശോധിച്ചപ്പോൾ പെൺകുട്ടിയെ പിടികൂടുകയുമായിരുന്നു. ഇതിനെ തുടർന്ന് സ്കൂൾ അധികൃതർ രക്ഷിതാക്കളെ വിളിച്ചു വരുത്തുകയും പൊലിസിൽ പരാതി നൽകുകയും ചെയ്തു. പെൺകുട്ടിയെ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. അഷ്റഫാണ് സിഗരറ്റ് അടക്കമുള്ള ലഹരി വസ്തുക്കൾ സ്ഥിരമായി എത്തിച്ചു നൽകുന്നതെന്നും ഇയാൾ തന്നെ നിരന്തരമായി പീഡിപ്പിച്ചിരുന്നുവെന്നും പെൺകുട്ടി മൊഴി നൽകി.
കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ വിവിധ ഭാഗങ്ങൾ, എൻ.ഐ.ടി പരിസരം എന്നിവ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി വിൽപനയിലെ പ്രധാന കണ്ണിയാണ് അഷ്റഫെന്ന് പൊലിസ് പറഞ്ഞു.
സബ് ഇൻസ്പെക്ടർ സാജിദ്, എ.സി.പി.ഒ ശ്രീജേഷ്, ഡ്രൈവർ വിജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.







