ക്ഷീര കര്‍ഷകര്‍ക്ക് താങ്ങായി കൗ ലിഫ്റ്റര്‍ അനുവദിച്ച് പുതുപ്പാടി ഗ്രാമപഞ്ചായത്ത്

പുതുപ്പാടി: ക്ഷീര കര്‍ഷകര്‍ക്ക് താങ്ങായി കൗ ലിഫ്റ്റര്‍ അനുവദിച്ച് പുതുപ്പാടി ഗ്രാമപഞ്ചായത്ത് ഇതര പഞ്ചായത്തുകള്‍ക്ക് മാതൃകയാകുന്നു. അസുഖങ്ങള്‍ വന്ന് വീണു പോകുന്ന പശുക്കളെ എഴുന്നേറ്റ് നിര്‍ത്തി ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണമായ കൗ ലിഫ്റ്റര്‍ പുതുപ്പാടി മൃഗാശുപത്രിയിലാണ് പഞ്ചായത്ത് അനുവദിച്ചത്.
കാത്സ്യം കുറവ്, തൈലെറിയ, അനാപലാസ് മ പോലുള്ള അസുഖങ്ങള്‍ കാരണമായി തളര്‍ന്ന് വീഴുന്ന പശുക്കളെ എഴുന്നേറ്റ് നിര്‍ത്തി യഥാസമയം ചികിത്സ നല്കാന് സാധിക്കാതെ പശുക്കള്‍ മരിച്ച് പോകുന്നത് കര്‍ഷകര്‍ക്ക് വന്‍ നഷ്ടമാണ് ഉണ്ടാക്കുന്നത്. ഭീമമായ വിലയും വാടക്ക് പോലും ലഭ്യമല്ല എന്നതും കര്‍ഷകര്‍ക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. ഇത്തരം പശുക്കള്‍ക്ക് ചികിത്സ നല്കിയാല് പശുക്കള്‍ ആരോഗ്യം വീണ്ടെടുക്കും. കൗ ലിഫ്റ്റര്‍ ഇന്ന് രാവിലെ 10 മണിക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷക്കുട്ടി സുല്‍ത്താന്‍ വെറ്റിനറി ഹോസ്പിറ്റലിന് സമര്‍പ്പിച്ചു.
ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷംസീര്‍ പോത്താറ്റില്‍ അദ്ധ്യക്ഷത വഹിച്ചു. വെറ്റിനറി സര്ജ്ജന് അബ്ദുള്‍ സലാം സ്വാഗത പ്രസംഗം നടത്തി. ചടങ്ങില്‍ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണുകളായ ആയിശബീവി, സിന്ധുജോയി, ബിജു തോമസ്, ക്ഷീര കര്‍ഷക പ്രതിനിധിയായി മനാഫ് തണ്ടിയേക്കല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.







