തിരുവമ്പാടി എൽപി സ്കൂളിൽ പ്രവേശനോത്സവം നടത്തി

തിരുവമ്പാടി :തിരുവമ്പാടിയിൽ സ്കൂൾ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു.ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവം ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് എൽപി സ്കൂളിൽ നടന്നു. പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡണ്ട് കെ അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. ബലൂണുകൾ, തോരണങ്ങൾ, കുരുത്തോലകൾ തുടങ്ങിയവക്കൊണ്ട് അലങ്കരിച്ച സ്കൂളുകളിലേക്ക് അധ്യാപകരും രക്ഷിതാക്കളും ചേർന്ന് അറിവിൻറെ ആദ്യാക്ഷരം നുകരാൻ എത്തിയ കുട്ടികളെ സ്വീകരിച്ചു. കുട്ടികൾക്ക് പായസവും മിഠായികളും സമ്മാനങ്ങളും സദ്യയും ഒരിക്കിയിരുന്നു.
സ്കൂൾ തുറക്കുന്നതിന്റെ മുന്നോടിയായി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരോഗ്യ-വിദ്യാഭ്യാസ വിഭാഗം കഴിഞ്ഞദിവസം സ്കൂളുകളിൽ പരിശോധന നടത്തി സൗകര്യങ്ങൾ ഉറപ്പാക്കിയിരുന്നു.
ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ റംല ചോലക്കൽ, വാർഡ് മെമ്പർ ബീന ആറാംപുറത്ത്, ഹാഷിദ് കെ. സി (ബി ആർ സി ട്രൈനർ ), അബ്ദുസലാം എ.കെ, ശിവദാസൻ , ഗോപിനാഥ് മൂത്തേടത്ത്, രമേശൻ കെ.പി , ജയരാജൻ എസ്., അഹമ്മദ് ശാഫി, കെ.ടി നേശൻ, ജയചന്ദ്രൻ , സുരേഷ് .കെ തുടങ്ങിയവർ സംസാരിച്ചു.







