Kerala

കൊറോണ; കോട്ടയം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു; പരീക്ഷകള്‍ക്ക് മാറ്റമില്ല

കോട്ടയം: കേരളത്തില്‍ കൂടുതല്‍ പേരില്‍ കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (മാര്‍ച്ച് 10) അവധി പ്രഖ്യാപിച്ചു. പ്രഫഷണല്‍ കോളേജുകള്‍, എയ്ഡഡ്- അണ്‍ എയ്ഡഡ് സ്‌കൂളുകള്‍, പോളി ടെക്‌നിക്കുകള്‍, അങ്കണവാടികള്‍ എന്നിവ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കുമെന്ന് കളക്ടര്‍ പികെ സുധീര്‍ ബാബു അറിയിച്ചു.

അതെസമയം എസ്എസ്എല്‍സി പരീക്ഷയ്ക്കും നേരത്തെ നിശ്ചയിച്ചിട്ടുള്ള യൂണിവേഴ്‌സിറ്റി, ബോര്‍ഡ് പരീക്ഷകള്‍ക്കും അവധി ബാധകമല്ല. വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ നാഗമ്പടം സെന്റ് ആന്റണീസ് തീര്‍ത്ഥാടന കേന്ദ്രത്തിലെ ചടങ്ങുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. കുമ്പസാരം, കൗണ്‍സലിംഗ്, കൈവെപ്പ് ശുശ്രൂഷ എന്നിവ താല്‍ക്കാലികമായി റദ്ദാക്കി. വിശുദ്ധ കുര്‍ബാന സ്വീകരണം നാവിനു പകരം കൈകളിലായിരിക്കും നടത്തുക.

പള്ളിയിലെ ശുശ്രൂഷകള്‍ കോട്ടയം സെന്റ് ആന്റണീസ് ചര്‍ച്ച് എന്ന യൂട്യൂബ് ചാനലില്‍ കൂടി സംപ്രേക്ഷണം ചെയ്യുമെന്നും, പ്രായമുള്ളവരും രോഗ സാധ്യതയുളളവരും വീടുകളില്‍ ഇരുന്ന് പ്രാര്‍ത്ഥിക്കാനും അധികൃതര്‍ നിര്‍ദ്ദേശിച്ചു.

നിലവില്‍ കോട്ടയം മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ കൊവിഡ് 19 വൈറസ് ബാധയുമായി ബന്ധപ്പെട്ട് 7 പേര്‍ നിരീക്ഷണത്തിലാണ്. അതിനിടെ സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇറ്റലിയില്‍ നിന്നും എത്തിയ മൂന്ന് വയസ്സുള്ള കുട്ടിയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇന്നലെയും ഇന്നുമായി സംസ്ഥാനത്ത് ആറ് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
കൂടുതല്‍ ആളുകളില്‍ രോഗം സ്ഥിരീകരിച്ചതോടെ കനത്ത ജാഗ്രത പാലിക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി.

Related Articles

Leave a Reply

Back to top button