ആഗസ്ത്യന്മുഴി-തിരുവമ്പാടി-കോടഞ്ചേരി-കൈതപ്പൊയില്‍ റോഡ് : നവീകരണം നീളുമെന്ന് ആശങ്ക

തിരുവമ്പാടി: നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിലച്ചതോടെ ആഗസ്ത്യന്മുഴി-തിരുവമ്പാടി-കോടഞ്ചേരി-കൈതപ്പൊയില്‍ റോഡ് നവീകരണം നീളുമെന്ന് ആശങ്ക.
റോഡുപണിമൂലം ഗതാഗതപ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന തിരുവമ്പാടി, കോടഞ്ചേരി പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലുള്ള നൂറുകണക്കിനാളുകള്‍ക്ക് ഇത് തിരിച്ചടിയാകും.
ഏപ്രില്‍ മാസത്തോടെ ടാറിങ് പൂര്‍ത്തിയാക്കുമെന്നാണ് കരാറുകാര്‍ രണ്ടുമാസം മുൻപ് ജനപ്രതിനിധികളുടെ യോഗത്തില്‍ ഉറപ്പുനല്‍കിയിരുന്നത്.
ലോക്ഡൗണ്‍ പിന്‍വലിച്ച ശേഷം പ്രവൃത്തി തുടര്‍ന്നാല്‍ത്തന്നെ കാലവര്‍ഷത്തിന് മുൻപ് പണി പൂര്‍ത്തിയാക്കുക വെല്ലുവിളിയാകും.
പാലങ്ങള്‍, ഓവുചാലുകള്‍, റോഡ് മണ്ണിട്ടുയര്‍ത്തല്‍ തുടങ്ങിയ പ്രവൃത്തികള്‍ ഇനിയും പൂര്‍ത്തിയാക്കാനുണ്ട്.
ഒന്നരവര്‍ഷത്തോളമായി മേഖലയിലെ ഗതാഗതം താറുമാറാണ്. കെ.എസ്.ആര്.ടി.സി. ഉള്‍പ്പെടെ ബസുകള്‍ വഴി തിരിച്ചുവിടുകയാണ്. മഴ തുടങ്ങിയാല്‍ ഇപ്പോള്‍ ഓടുന്ന വാഹനങ്ങള്‍പോലും അപ്രാപ്യമാകും. തിരുവമ്പാടി പഞ്ചായത്തിലെ മരയ്ക്കാട്ടുപുറം, തമ്പലമണ്ണ ഭാഗങ്ങളിലുള്ളവര്‍ക്കാണ് ഏറെ ദുരിതം.
കിലോമീറ്ററിന് നാലുകോടിയിലേറെ രൂപ ചെലവഴിച്ചാണ് 22 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് നവീകരിക്കുന്നത്. ഒന്നരവര്‍ഷമാണ് കരാര്‍ കാലാവധി. ഇത് പിന്നീട് ആറുമാസംകൂടി നീട്ടിനല്‍കിയിട്ടുണ്ട്.







