Kerala

കൈക്കൂലി ചോദിച്ചിട്ട് കൊടുത്തില്ല, പച്ചക്കറി ലോഡുമായി വരുന്ന വഴി ആര്‍ടിഒയുടെ മര്‍ദ്ദനമേറ്റ് ലോറി ഡ്രൈവര്‍ ആശുപത്രിയില്‍

കണ്ണൂര്‍: കൈക്കൂലി നല്‍കാത്തതിന്റെ പേരില്‍ ആര്‍ടിഒയുടെ മര്‍ദ്ദനമേറ്റ ലോറി ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊളക്കാട് കിഴക്കേ മാവടിയിലെ നടുവത്താനിയില്‍ മെല്‍ബിനെയാണ് (25) വ്യാഴാഴ്ച രാത്രി 11 മണിയോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴുത്തിന് പരിക്കേറ്റ മെല്‍ബിന്‍ ചികിത്സയില്‍ കഴിയുകയാണ്.

മൈസൂരില്‍ നിന്ന് പച്ചക്കറി ലോഡുമായി വരുന്ന വഴി ചെക്ക് പോസ്റ്റില്‍ വാഹനത്തിന്റെ രേഖകളുമായി ചെന്നപ്പോള്‍ രേഖകള്‍ വേണ്ടെന്നും പണം വേണമെന്നും ആര്‍ടിഒ ആവശ്യപ്പെട്ടെന്ന് മെല്‍ബിന്‍ പറയുന്നു. എന്നാല്‍ കൈയ്യില്‍ കാശില്ലെന്ന്
പറഞ്ഞതോടെ ആര്‍ടിഒ തന്നോട് തട്ടിക്കയറുകയും മര്‍ദ്ദിക്കുകയുമായിരുന്നെന്നും മെല്‍ബിന്‍ പറഞ്ഞു.

മര്‍ദ്ദനമേറ്റ് സമീപമുള്ള പോലീസ് ഔട്ട് പോസ്റ്റിലേക്ക് ഓടിക്കറിയ മെല്‍ബിന്‍ അവിടെയുള്ള സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറോട് കാര്യങ്ങള്‍ വിശദീകരിച്ചു. പിന്നാലെയെത്തിയ ആര്‍ടിഒ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്നും കേസെടുക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും കാര്യങ്ങള്‍ മനസ്സിലാക്കിയ പോലീസ് പോകാന്‍ അനുവദിക്കുകയായിരുന്നുവെന്നും മെല്‍ബിന്‍ പറഞ്ഞു.

വാഹനം ഓടിച്ചുകൊണ്ടിരിക്കെ കേളകത്തെത്തിയപ്പോള്‍ ആദ്യം കഴുത്ത് വേദനയും പിന്നീട് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതോടെ മെല്‍ബിന്‍ അവശനിലയിലായി. വിവരമറിയിച്ചതിനെ തുടര്‍ന്ന് സുഹൃത്ത് സ്ഥലത്തെത്തിയാണ് മെല്‍ബിനെ ആശുപത്രിയിലെത്തിച്ചത്. ലോക്ക്ഡൗണായതിനാലും പച്ചക്കറി നാട്ടിലെത്തിക്കേണ്ടതിനാലുമാണ് വേദന സഹിച്ചും കേളകം വരെ ലോറി ഓടിച്ചതെന്ന് മെല്‍ബിന്‍ പറഞ്ഞു. പേരാവൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് മെല്‍ബിന്‍.

Related Articles

Leave a Reply

Back to top button