കോവിഡ് ബാധിച്ച് കുഞ്ഞിന്റെ മരണം: നാട് നടുക്കത്തിൽ, കനത്ത ജാഗ്രത…

മഞ്ചേരി ∙ കോവിഡ് ചികിത്സയിലിരിക്കെ പിഞ്ചുകുഞ്ഞു മരണത്തിനു കീഴടങ്ങിയതിന്റെ നടുക്കത്തിൽ നാട്. പയ്യനാട് വീട്ടിലും സമീപ പ്രദേശങ്ങളിലും ആരോഗ്യവകുപ്പിന്റെയും പൊലീസിന്റെയും കനത്ത ജാഗ്രത. രോഗവ്യാപനത്തിന്റെ സാധ്യത മുൻകൂട്ടി കണ്ടാണ് ആരോഗ്യ പ്രവർത്തകരുടെ ഇടപെടൽ.
വൈറസ് ബാധ ഉണ്ടായതിന്റെ ഉറവിടം കണ്ടെത്താൻ കഴിയാത്തതാണ് ആശങ്ക ഉയർത്തുന്നത്. പയ്യനാട് വടക്കാങ്ങര വീട്ടിൽ ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ അണുനശീകരണം നടത്തി. ബന്ധുക്കളോടു ജാഗ്രത തുടരാൻ നിർദേശം നൽകി. ജനങ്ങൾ മാസ്ക് ധരിക്കാതെ പുറത്തിറങ്ങരുത്. സാധനങ്ങൾ വാങ്ങാൻ കടകളിൽ കൂട്ടമായി നിൽക്കരുത്. ഹോം ഡെലിവറി സാധ്യത പ്രയോജനപ്പെടുത്തണം. റേഷൻ കടകളിൽ കൂട്ടമായി നിൽക്കരുത്. രോഗ ലക്ഷണം ഉള്ളവർ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടണം.
അടുത്ത ബന്ധുക്കളായ 5 വീട്ടുകാരോടു നിരീക്ഷണം തുടരാൻ ആവശ്യപ്പെട്ടു. ആശുപത്രിയിലെ 5 ഡോക്ടർമാർ ഉൾപ്പെടെ ജീവനക്കാർ നിരീക്ഷണത്തിലാണ്. ഇവരിൽ ചിലരുടെ ആദ്യ ഫലങ്ങൾ നെഗറ്റീവ് ആണ്. ലോക് ഡൗൺ ലംഘിച്ചു ഇവർ പുറത്തിറങ്ങുന്നത് ആരോഗ്യ വകുപ്പും പൊലീസും പരിശോധിക്കും
സിഐ സി.അലവി, എസ്ഐ സുമേഷ് സുധാകർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസിന്റെ വാഹന പരിശോധന കർശനമാക്കി. ജെഎച്ച്ഐമാരായ വിശ്വജിത്ത്, ടി.റിയാസ്, ജി.കെ.അഖിൽ, വി.പ്രിനു, ലിജോ മാമൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവർത്തനം നടത്തുന്നത്.
NEWS FROM MANORAMA
.






