Kerala

പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ ഒരുക്കുന്നതിന്റെ ഭാഗമായി ഹൗസ് ബോട്ടുകളും സര്‍ക്കാര്‍ ഏറ്റെടുക്കും

കൊച്ചി: വിദേശത്തു നിന്നും തിരിച്ചെത്തുന്ന മലയാളികളെ ക്വാറന്റീനിലാക്കാന്‍ ഹൗസ് ബോട്ടുകളും സര്‍ക്കാര്‍ ഏറ്റെടുക്കും. തിരികേ എത്തുന്ന പ്രവാസികള്‍ക്ക് പരമാവധി ക്വറന്റീന്‍ കേന്ദ്രങ്ങളൊരുക്കുന്നതിന്റെ ഭാഗമായിട്ടാണ് ഹൗസ് ബോട്ടുകളും സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. ആലപ്പുഴയിലെ 600 ഹൗസ് ബോട്ടുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും.

രാജ്യാന്തര വിമാന സര്‍വീസ് ആരംഭിച്ചാല്‍ ആദ്യത്തെ ഒരു മാസത്തിനകം അഞ്ചു ലക്ഷത്തോളം പ്രവാസികള്‍ തിരികെയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവരെ ക്വാറന്റീന്‍ ചെയ്യുന്നതിനായി പരമാവധി കെട്ടിടങ്ങള്‍ ഏറ്റെടുക്കാനാണ് പൊതുമരാമത്ത് വകുപ്പിന്റെ തീരുമാനം. ഇതിന്റെ ഭാഗമായിട്ടാണ് ഹൗസ് ബോട്ടുകളും ഏറ്റെടുക്കുന്നത്.

നിലവില്‍ ഒന്നരലക്ഷത്തിലധികം കിടക്കകള്‍ പ്രവാസികളുടെ ക്വാറന്റീനായി പൂര്‍ണ സജ്ജമാണെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. രണ്ടര ലക്ഷത്തോളം കിടക്കകള്‍ക്കുള്ള കെട്ടിടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 1.60 ലക്ഷം കിടക്കകള്‍ ഏതു സമയത്തും ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ പൂര്‍ണ സജ്ജമായിക്കഴിഞ്ഞു.

കോളേജുള്‍, ഹോസ്റ്റലുകള്‍, സ്വകാര്യ ആശുപത്രികള്‍ എന്നിവ ഉള്‍പ്പെടെയാണ് ഏറ്റെടുത്തിട്ടുള്ളത്. ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍ പലരും വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍ ഇവ തല്‍ക്കാലം ഏറ്റെടുത്തിട്ടില്ല. അത്യാവശ്യ സന്ദര്‍ഭത്തില്‍ മാത്രം ഇതേക്കുറിച്ച് ആലോചിച്ചാല്‍ മതിയെന്നാണ് സര്‍ക്കാര്‍ നിലപാട്.

അതെസമയം വിദേശത്ത് നിന്ന് മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് വേണ്ടി നോര്‍ക്ക ആരംഭിച്ച രജിസ്‌ട്രേഷനില്‍ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. രജിസ്‌ട്രേഷന്‍ ആരംഭിച്ച് 16 മണിക്കൂറിനിടെ 165631 പ്രവാസികളാണ് രജിസ്റ്റര്‍ ചെയ്തത്. വിവിധ രാജ്യങ്ങളില്‍ നിന്ന് മടങ്ങി വരുന്നവരുടെ കണക്ക് തയ്യാറാക്കി ക്വാറന്റൈന്‍ സൗകര്യം ഒരുക്കാന്‍ വേണ്ടി ഇന്നലെ രാത്രിയാണ് നോര്‍ക്ക വെബ്‌സൈറ്റ് വഴി രജിസ്‌ട്രേഷന്‍ ആരംഭിച്ചത്.

Related Articles

Leave a Reply

Back to top button