ആര്‍ക്കും കോവിഡ് ലക്ഷണമില്ല: പ്രവാസികളുമായി അബുദാബി, ദുബായ് വിമാനങ്ങള്‍ പുറപ്പെട്ടു

കൊച്ചി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഗള്‍ഫില്‍ കുടുങ്ങിയ പ്രവാസികളെയും കൊണ്ട് അബുദാബിയില്‍ നിന്നും ആദ്യവിമാനം കേരളത്തിലേക്ക് പുറപ്പെട്ടു. കൊച്ചിയില്‍ നിന്ന് ഉച്ചയ്ക്ക് പുറപ്പെട്ട വിമാനം ഇന്ത്യന്‍ സമയം അഞ്ച് മണിയോടെയാണ് അബുദാബിയിലെത്തിയത്. പ്രതീക്ഷിച്ചതിനും 20 മിനിറ്റ് മുമ്പേ എയര്‍ ഇന്ത്യ എക്സ്പ്രസ് ലാന്‍ഡ് ചെയ്തു. ആളുകളെ കൃത്യമായ മാനദണ്ഡങ്ങളോടെ കയറ്റി.
അബുദാബിയിലും ദുബായിലുമായി ഇതുവരെ പരിശോധന നടത്തിയ ആര്‍ക്കും കോവിഡ് ലക്ഷണങ്ങളില്ല. രണ്ട് വിമാനങ്ങളിലുമായി 354 പേരാണ് വരുന്നത്. അബുദാബി ഫ്ലൈറ്റ് 10.17-നാകും കൊച്ചിയില്‍ ലാന്‍ഡ് ചെയ്യുക എന്നാണ് ലഭിക്കുന്ന വിവരം.
രണ്ട് വിമാനങ്ങളിലുമായി 177 പേര് വീതമാണുള്ളത്. ദുബായ് കോണ്‍സുല്‍ ജനറല്‍ വിപുല്‍ നേരിട്ടെത്തി ദുബായില്‍ നിന്നുള്ള യാത്രക്കാരെ യാത്രയാക്കി. ഗ്ലൗസുകളും മാസ്കും അടക്കം എല്ലാ ക്രമീകരണങ്ങളും നല്‍കിയാണ് ഇവരെ വിമാനത്തിലേക്ക് കയറ്റിയത്.
ശാരീരികപ്രശ്നം ആര്‍ക്കെങ്കിലും അനുഭവപ്പെട്ടാല്‍ അവര്‍ക്കായി പ്രത്യേക ചികിത്സ നല്കാന് അവസാനത്തെ രണ്ട് നിരകള്‍ ഒഴിവാക്കിയിട്ടിട്ടുണ്ട്. സാമൂഹ്യഅകലം നിലവില്‍ ഈ വിമാനങ്ങളില്‍ പാലിക്കാനായിട്ടില്ല. അതില്‍ ചില പ്രവാസികള്‍ക്കെങ്കിലും അതൃപ്തിയുമുണ്ട്. പക്ഷേ കൃത്യമായ പരിശോധന നടത്തുന്നതിനാല്‍ തല്ക്കാലം ആശങ്കപ്പെടേണ്ടതില്ലെന്ന് ദുബായ് കോണ്‍സുല്‍ ജനറല്‍ അധികൃതര്‍ പറഞ്ഞു.
അതേസമയം, ദുബായില്‍ നിന്ന് 177 യാത്രക്കാരുമായി എയര്‍ ഇന്ത്യയുടെ വിമാനവും യാത്ര പുറപ്പെട്ടു. യാത്രക്കാരില്‍ ആര്‍ക്കും കോവിഡ് രോഗലക്ഷണങ്ങളില്ല. ഈ വിമാനം രാത്രി 10.45 ഒാടെ കരിപ്പൂരിലെത്തും. എട്ടുമണിയോട് കൂടി വിമാനത്താവളം അടയ്ക്കും. പ്രവാസികള്‍ക്ക് മറ്റാരുമായും സമ്പര്‍ക്കം ഉണ്ടാകാതെ ക്വാറന്റീനിലേക്ക് മാറ്റുകയാണ് ലക്ഷ്യം. ഇവര്‍ പോകുന്നതിനായുള്ള പ്രത്യേക ടാക്സികളും ആംബുലന്‍സും തയ്യാറാക്കിയിട്ടുണ്ട്.
കരിപ്പൂരിലെത്തുന്ന പ്രവാസികള്‍ക്ക് കാളികാവ് അല്‍സഫ ആശുപത്രിയിലാണ് പരിശോധന സൗകര്യം ഒരുക്കിയിരിക്കുന്നത്. വിമാനത്താവളത്തില്‍ എത്തുന്ന പ്രവാസികളെ ഏഴുദിവസം സര്‍ക്കാര്‍ ക്വാറന്റീനില്‍ പാര്‍പ്പിക്കും. പരിശോധനയില്‍ രോഗമില്ലെന്ന് കണ്ടെത്തുന്നവരെ വീടുകളിലേക്ക് പിന്നീട് വിടും. ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും വീടുകളിലാണ് ക്വാറന്റീന് സൗകര്യം ഒരുക്കിയിരിക്കുന്നത്.
#VandeBharatMission begins!
— Anurag Srivastava (@MEAIndia) May 7, 2020
The first flight with 177 passengers takes off from Abu Dhabi to Kochi#TeamIndia will continue with its tireless efforts to bring Indians home@PMOIndia @PIBHomeAffairs @MoCA_GoI @MoHFW_INDIA @IndembAbuDhabi pic.twitter.com/9wemQEhY23







